പാമ്പുകളുടെ ഘോര യുദ്ധം ക്യാമറ പകര്‍ത്തിയപ്പോള്‍...!
റിംഗ് നെക്ഡ് സ്പിറ്റിംഗ് കോബ്ര എന്നും അറിയപ്പെടുന്ന റിങ്കള്‍ ഇനത്തില്‍ പെട്ട രണ്ട് പാമ്പുകള്‍ പരസ്പരം പോരടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും പകര്‍ത്തിയത് പുറത്തു വന്നു. രണ്ടു പാമ്പുകളും അവയുടെ വായയുടെ ഭാഗങ്ങള്‍ പരസ്പരം കടിച്ചു പിടിച്ചു കൊണ്ടാണ് ചുറ്റി വരിഞ്ഞു പോരാടിയത്. രണ്ടു പേരും പരസ്പരം വിട്ടു കൊടുക്കാന്‍ തയ്യാറാകുന്നുണ്ടായിരുന്നില്ല. ഉരുണ്ടു പിരണ്ട് കിടന്നു പോരാടുന്നുണ്ടായിരുന്നെങ്കിലും ആര്‍ക്കും മേല്‍ക്കൈ നേടാനും സാധിക്കുന്നുണ്ടായിരുന്നില്ല.
ഒടുവില്‍ ഇതെല്ലാം ചിത്രീകരിച്ചു കൊണ്ടിരുന്ന 54-കാരനായ ഡേവ് ഡു ട്രോയിറ്റിന് മധ്യസ്ഥതയ്ക്ക് ചെല്ലേണ്ടി വന്നു. മൃഗ സ്‌നേഹിയായ ഡേവ് സഹ പ്രവര്‍ത്തകരോടൊപ്പം ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് ഈ ദൃശ്യം കണ്ണില്‍ പെട്ടത്.
നല്ല നീളമുള്ള ഒരു വടിയാണ് കിടക്കുന്നതെന്നാണ് അത് കണ്ടപ്പോള്‍ ആദ്യം തോന്നിയത് എന്നാണ് ഡേവ് പറഞ്ഞത്. എന്നാല്‍ അത് പിന്നീട് അനങ്ങുന്നത് പോലെ തോന്നിയപ്പോള്‍ എന്താണതെന്ന് നിന്ന് നോക്കാന്‍ തോന്നിയത്രേ. അപ്പോഴാണ് രണ്ടു പാമ്പുകളാണ് പരസ്പരം മല്ലടിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായത്. കുറച്ചധികം നേരം നോക്കി നിന്നെങ്കിലും രണ്ടു പാമ്പുകളില്‍ ഒന്നും തോറ്റു കൊടുക്കാന്‍ തയ്യാറാകുന്നുമില്ല, എന്നാല്‍ ആര്‍ക്കും മറ്റേ പാമ്പിന്‍മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്നുമില്ല എന്ന് കണ്ടപ്പോള്‍ ചിത്രീകരണം എല്ലാം നിര്‍ത്തി വയ്ചിട്ട് ഡേവ് ഇടപെട്ട് അവയെ വേര്‍പിരിച്ചു വിടുകയായിരുന്നുവത്രെ.
കാടിനുള്ളിലേക്ക് അവയെ തിരികെ എടുത്തു വിട്ടതിനു ശേഷം അവ രണ്ടു വഴിക്കാണ് പോയതെന്നും പിന്നീട് പരസ്പരം കടിച്ചു കീറാനായി ശ്രമിച്ചില്ലെന്നതും ആശ്വാസം നല്‍കി എന്നാണ് ഡേവ് പറയുന്നത്. ആളുകള്‍ നടന്നു വരാനിടയുള്ള വഴിയില്‍ കിടന്നു പോരാടുമ്പോള്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍പെടാനും അവയ്ക്ക് ആപത്ത് ഉണ്ടാകാനും സാധ്യത കൂടുതല്‍ ഉള്ളതിനാലാണ് അവയെ വേര്‍പിരിച്ച് കാടിനുള്ളിലേക്ക് വിട്ടതെന്നും ഡേവ് പറയുന്നു. കാട്ടിനുള്ളില്‍ വച്ച് പോരടിച്ചാല്‍ രണ്ടു പാമ്പുകളും രക്ഷപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് അയാള്‍ക്ക് അറിയാമത്രേ.
https://www.facebook.com/Malayalivartha