ഒരു വര്‍ണശലഭത്തിന്റെ ആദ്യപറക്കല്‍ ദുരന്തമായപ്പോള്‍...!
അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള ഒരു കുടുംബം അതീവ സന്തോഷത്തോടെ ഒത്തു കൂടിയതാണ്. പക്ഷെ അമ്മയും കുഞ്ഞു മക്കളുമടങ്ങുന്ന ആ കുടുംബത്തിലെ കുഞ്ഞു മനസ്സുകള്‍ക്ക് മായാത്ത നൊമ്പരം സമ്മാനിച്ചാണ് ആ ഒത്തുകൂടല്‍ കടന്നു പോയത്.
ഒരു ചിത്ര ശലഭത്തെ അത് ലാര്‍വ ഘട്ടമായിരുന്നപ്പോള്‍ എടുത്തിട്ട് അവരുടെ മമ്മി പറഞ്ഞു, ഈ പുഴുവില്‍ നിന്നാണ് നിറയെ നിറങ്ങളുള്ള മനോഹരമായ ചിത്രശലഭം ഉണ്ടാകുന്നതെന്ന്. അമ്മ അത് പറഞ്ഞപ്പോഴും ആ മക്കള്‍ക്ക് അത്ര വിശ്വാസം വന്നിരുന്നില്ല. എത്ര മനോഹരമാണ് ചിത്ര ശലഭങ്ങള്‍. അത്ര മനോഹാരിതയുള്ള ശലഭങ്ങള്‍ ഈ പുഴുവില്‍ നിന്നാണ് ഉണ്ടായി വരുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നതെങ്ങനെ? ആ അമ്മ പറഞ്ഞു, നമുക്ക് കാത്തിരിക്കാം, അല്‍പ ദിവസങ്ങള്‍ക്കുള്ളില്‍ അതില്‍ നിന്നും ഒരു സുന്ദരി പൂമ്പാറ്റ ഉണ്ടായി വരുന്നത് ഞാന്‍ കാണിച്ചു തരാമെന്ന്.
അന്ന് മുതല്‍ അവര്‍ കാത്തിരിക്കുക ആയിരുന്നു. ഒടുവില്‍ ആ ദിവസം വന്നെത്തി. മക്കള്‍ എല്ലാം ആ അമ്മയ്ക്ക് ചുറ്റും കൂടി നിന്നു. അമ്മ പറഞ്ഞത് വാസ്തവം ആയിരുന്നെന്ന് അവര്‍ക്കു മനസ്സിലായി. വലക്കണ്ണികളാല്‍ മൂടപ്പെട്ട ഒരു കൊച്ചു സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന പുഴുവിന്റെ സ്ഥാനത്ത് ഇപ്പോള്‍ അതില്ല. പകരം അവിടെ ഉള്ളത് നിറയെ നിറങ്ങളുള്ള ഒരു ശലഭം ആണെന്ന് വലക്കണ്ണികള്‍ക്കിടയിലൂടെ അവര്‍ കണ്ടു.
ഇനി അതൊന്നു പറന്നു കാണണം. അവര്‍ക്കെല്ലാം ആകാംക്ഷ ആയി. അമ്മ പതിയെ അതിന്റെ കുഞ്ഞിച്ചിറകുകള്‍ക്ക് ഒരു ദോഷവും വരാത്ത രീതിയില്‍ വളരെ സൂക്ഷമതയോടെ ആ കൂട്ടില്‍ നിന്നും അതിനെ പുറത്തെടുത്തു. വിശാലമായ ആകാശത്തിന് താഴെ ഒരു ശലഭത്തിന് പറക്കാനുള്ള സ്വന്ത ഇടം കണ്ടെത്താനെന്നോണം ആ ശലഭം ചിറകടിച്ചുയര്‍ന്നു.
പക്ഷെ വിധി ആ ശലഭത്തിനായി കരുതി വച്ചിരുന്നത് വല്ലാത്തൊരു ദുരന്തമായിരുന്നു. ചിറകടിച്ചുയര്‍ന്ന ശലഭത്തെ നന്നായൊന്ന് കണ്ട് ആര്‍ത്തു വിളിക്കാനുള്ള സമയം പോലും ആ കുട്ടികള്‍ക്ക് കിട്ടുന്നതിന് മുന്‍പ് അവരോടൊപ്പം ഉണ്ടായിരുന്ന അവരുടെ വളര്‍ത്തു നായ ആ ശലഭത്തെ ചാടി പിടിച്ചു വായിലാക്കി കഴിഞ്ഞിരുന്നു!
അതി മനോഹര കഥയിലെ ഈ അപ്രതീക്ഷിത ട്വിസ്റ്റ് കുട്ടികളെയും അവരുടെ അമ്മയെയും ഒരു പോലെ ഞെട്ടിച്ചു കളഞ്ഞു. സന്തോഷത്തിന്റെ ആര്‍പ്പു വിളികള്‍ ആര്‍ത്തനാദം പോലെ ആയിത്തീര്‍ന്നു. ആ വളര്‍ത്തു നായയുടെ വായില്‍ നിന്നും ജീവനോടെ അതിനെ തിരികെ ലഭിക്കുമോ എന്നറിയാനായി ആ 'അമ്മ ഒരു അവസാന ശ്രമം നടത്തുന്നിടത്തു വീഡിയോ അവസാനിക്കുന്നു. ആ അമ്മയുടെ സഹോദരിയാണ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തത്.
https://www.facebook.com/Malayalivartha