വിന്റേജ് കാര്‍ ഗ്രാമം നിര്‍മ്മിക്കാനിടയാക്കിയ വാഹനകമ്പം, തന്റെ കാറുകളെ അനാഥമാക്കി അഹമ്മദ് കുട്ടി മടങ്ങി
കുടക് ജില്ലയിലെ സിദ്ധാപുര നെല്ലിഹുഡിക്കേരിയെ കര്‍ണാടകയുടെ ടൂറിസം മാപ്പിലെ പ്രധാന കേന്ദ്രമാക്കിയത് കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയായ പള്ളിക്കല്‍ അഹമ്മദ് കുട്ടിയാണ്. പഴയ കാറുകളോടുള്ള അഹമ്മദ് കുട്ടിയുടെ കമ്പമാണ് അതിനിടയാക്കിയത്. വിന്റേജ് കാര്‍ കമ്പം മൂലം പഴയ കാറിന്റെ പ്രൗഢി തേടി അഹമ്മദ് കുട്ടി പോകാത്ത സ്ഥലങ്ങള്‍ ഇന്ത്യയില്‍ കുറവാണ്. ഒടുവില്‍ സ്വന്തം കാപ്പിത്തോട്ടം വിന്റേജ് കാര്‍ മ്യൂസിയമാക്കി.
ഇക്കഴിഞ്ഞ ശനിയാഴ്ച തന്റെ 'കാര്‍ തോട്ടത്തില്‍' തൊഴിലാളികളോടു സംസാരിച്ചു നില്‍ക്കുമ്പോള്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് മരണം സംഭവിച്ചപ്പോള്‍ അനാഥമാകുന്നത് നൂറോളം കാറുകള്‍.ആദ്യം വീട്ടുമുറ്റത്തായിരുന്നു കാറുകളുടെ പ്രദര്‍ശനം. പിന്നീട് എണ്ണം കൂടിയപ്പോള്‍ നെല്ലിക്കുഡിഹേരിയിലെ എസ്‌റ്റേറ്റിലായി കാറുകളുടെ സ്ഥാനം. ആധുനിക കാര്‍ ഷോറൂമുകളെ വെല്ലുന്ന രീതിയില്‍ വൃത്തിയിലും പ്രൗഢിയിലും കാറുകള്‍ സംരക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും അഞ്ചു ജോലിക്കാരെയും നിയോഗിച്ചു. വര്‍ക്‌ഷോപ്പും ഇവിടെയുണ്ട്. നിരത്തിലിറക്കി ഓടിക്കാവുന്ന 'കണ്ടീഷനി'ലാണ് എല്ലാ കാറുകളും.
പിതാവ് മുഹമ്മദലിയില്‍നിന്നാണ് അഹമ്മദ്കുട്ടിക്ക് വാഹനക്കമ്പം ലഭിക്കുന്നത്. ആദ്യം വാങ്ങിയത് ഒരു ഷെവര്‍ലെ കാര്‍, നാലായിരം രൂപയ്ക്ക്. കുടകിലെ കച്ചവടം ടോപ് ഗിയറിലായതോടെ ഗാരിജിലെ കാറുകളുടെ എണ്ണവും കൂടി. ഓസ്റ്റിന്‍, മോറിസ്, ഹില്‍മാന്‍, സിംകാ, റെനോ, തെയ്ംസ്, വാന്‍ഗാഡ്, ട്രയംഫ്... തലയെടുപ്പോടെ നിരന്നു നില്‍ക്കുന്ന കാറുകള്‍ കുടകിലേക്ക് സഞ്ചാരികളെ മാടിവിളിച്ചു. സമ്പാദ്യത്തില്‍ നല്ലൊരു പങ്കും കാര്‍ വാങ്ങാനും സംരക്ഷിക്കാനും ചെലവഴിച്ചു.
ഇരുചക്ര- മുച്ചക്ര വാഹന ശേഖരം, അപൂര്‍വ ക്ലോക്കുകള്‍, ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍... കാറിനു പുറമെ അഹമ്മദ് കുട്ടിയുടെ ഭ്രമങ്ങള്‍ കാഴ്ചക്കാര്‍ക്ക് വിരുന്നായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സ്വദേശമായ കണ്ണൂര്‍ കാഞ്ഞിരോട് കബറടക്കി. ഭാര്യ: കുഞ്ഞി അലീമ, മകന്‍: അഷ്‌റഫ്.
https://www.facebook.com/Malayalivartha