ബ്രിട്ടീഷ് സൈന്യത്തിന്റെ പരേഡില്‍ ടര്‍ബന്‍ ധരിച്ച് ഒരു പട്ടാളക്കാരന്‍ ചരിത്രത്തിലേക്ക്
തലപ്പാവണിഞ്ഞ സിക്ക് പട്ടാളക്കാരന്‍ യുകെ ചരിത്രത്തില്‍ ഇടംനേടി താരമായി. ബ്രിട്ടീഷ് രാജ്ഞിയുടെ 92-ാം ജന്മദിനത്തോടനുബന്ധിച്ച് കരടിത്തൊപ്പി അണിഞ്ഞ് ചുവന്ന യൂണിഫോം ധരിച്ച് പരേഡില്‍ പങ്കെടുത്ത പട്ടാളക്കാരുടെ ഇടയില്‍ ടര്‍ബന്‍ അണിഞ്ഞ് ഗാര്‍ഡ്‌സ്മാന്‍ ആയ ചരണ്‍പ്രീത് സിംഗ് ലാല്‍ പങ്കെടുത്ത് ശ്രദ്ധാകേന്ദ്രമായി.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ടര്‍ബന്‍ ധരിച്ച് ഒരു പട്ടാളക്കാരന്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ പരേഡില്‍ പങ്കെടുക്കുന്നത്. പഞ്ചാബില്‍ ജനിച്ച ലാല്‍ ചെറുപ്രായത്തില്‍ തന്നെ യുകെയിലേക്കു കുടിയേറിയതാണ്. 2016 ജനുവരിയിലാണ് അദ്ദേഹം ബ്രിട്ടീഷ് ആര്‍മിയുടെ ഭാഗമായത്.
എലിസബത്ത് രാജ്ഞിയുടെ 92-ാം ജന്മദിനാഘോഷച്ചടങ്ങിന് ആയിരത്തിലധികം പട്ടാളക്കാര്‍ ഭാഗമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ നിറമുള്ള യൂണിഫോം ധരിച്ച പട്ടാളക്കാര്‍ എന്നും കൊട്ടാരത്തിനു മുന്നില്‍ പരേഡ് നടത്താറുണ്ടായിരുന്നു. ഇതുകൂടാതെ അധികാരസ്ഥാനത്തുള്ളവരുടെ ജന്മദിനത്തില്‍ പ്രത്യേക പരേഡ് നടത്താന്‍ 1748-ല്‍ തീരുമാനമെടുക്കുകയും ചെയ്തു. ഇതാണ് ഇന്നും തുടര്‍ന്നുപോരുന്നത്.
https://www.facebook.com/Malayalivartha