ഭക്തിയുടെ ലഹരി സമ്മാനിക്കും മദ്യക്കുപ്പികള്‍ കൊണ്ട് നിര്‍മിച്ച ഈ ക്ഷേത്രം!
വിരുദ്ധമെന്ന് വിശ്വസിക്കുന്ന രണ്ടു പ്രമേയങ്ങളെ, ആത്മീയതയെയും ലഹരിയേയും, ഏറ്റവും മനോഹരവും പവിത്രവുമായ രീതിയില്‍ ബുദ്ധസന്യാസികള്‍ സംഗമിപ്പിച്ചപ്പോഴാണ് തായ്‌ലന്‍ഡില്‍ പ്രത്യേകതയുള്ള ഒരു ക്ഷേത്രം ഉണ്ടായത്. ദേവാലയമാണത് പക്ഷേ, നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് മദ്യക്കുപ്പികള്‍ കൊണ്ടാണ്.
വലിയൊരു നന്മയുടെ കഥകൂടി ഈ ക്ഷേത്രനിര്‍മിതിയുമായി ബന്ധപ്പെട്ടുണ്ട് എന്നതാണ് ഇതിനു പുറകിലെ ഏറ്റവും സുന്ദരമായ മറ്റൊരു വസ്തുത. ഏതാണ്ട് മുപ്പതുകൊല്ലം കൊണ്ട് കടലില്‍ നിക്ഷേപിക്കപ്പെട്ട മദ്യക്കുപ്പികള്‍ ഉയര്‍ത്തിയ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറികടക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ബുദ്ധസന്യാസികളെ കുപ്പികള്‍ കൊണ്ടൊരു ക്ഷേത്രം നിര്‍മിക്കുക എന്ന തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചത്.
10 ലക്ഷത്തിലേറെ ബിയര്‍ ബോട്ടിലുകള്‍ കൊണ്ടാണ് വാറ്റ് പാ മഹാ ചേദി ക്യൂ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 1984-ലാണ് ബുദ്ധസന്യാസികള്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കുന്നത്. വന്യതയുടെ നടുവിലുള്ള ചില്ലുക്ഷേത്രം എന്നാണ് വാറ്റ് പാ മഹാ ചേദി ക്യൂ എന്നതുകൊണ്ട് തായ് ഭാഷയില്‍ അര്‍ഥം. അദ്ഭുതപ്പെടുത്തുന്നതാണ് ക്ഷേത്രത്തിന്റെ നിര്‍മിതി.
ചില്ലുകുപ്പികള്‍ അടുക്കിവെച്ചിരിക്കുന്ന ചുവരുകളും തൂണുകളും കൈവരികളും തറയും മേല്‍ക്കൂരയും തുടങ്ങി എല്ലാം കുപ്പികള്‍കൊണ്ട്. കലാപരമായി ഈ കുപ്പികള്‍ ചേര്‍ത്തുവെച്ചപ്പോള്‍ നിര്‍മ്മിക്കപ്പെട്ടത് ആരിലും കൗതുകം ജനിപ്പിക്കുന്ന, 'അദ്ഭുതകരം' എന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരു മികച്ച സൃഷ്ടിയായിരുന്നു.
തായ്‌ലന്‍ഡില്‍ ലഭിക്കുന്ന ചാങ് എന്ന ബിയറിന്റെയും ഹെയിന്‍കെന്‍ എന്ന ബിയറിന്റെയും കുപ്പികളാണ് ക്ഷേത്ര നിര്‍മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രം പണിതുകഴിഞ്ഞും ബാക്കിവന്ന കുപ്പികള്‍ കൊണ്ട് നിര്‍മിച്ച ഗോപുരങ്ങളും ജലസംഭരണിയും ശൗചാലയങ്ങളും ശ്മാശാനങ്ങളും വരെ ഇവിടെ ഉണ്ട്.
നിര്‍മാണത്തിലെ വൈവിധ്യവും വിസ്മയിപ്പിക്കുന്ന രൂപഭംഗിയും നിരവധി സഞ്ചാരികളെ അങ്ങോട്ട് ആകര്‍ഷിക്കുന്നുണ്ട്. സുസ്ഥിര നിര്‍മിതിയുടെ ഒരു വലിയ ഉദാഹരണമായാണ് ഇന്ന് ഈ ക്ഷേത്രവും പരിസരത്തുള്ള മറ്റുനിര്‍മിതികളും വിലയിരുത്തപ്പെടുന്നത്. പരിസ്ഥിമലിനീകരണം തടയുന്നതിനായി ഇത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് തിരിഞ്ഞ ബുദ്ധ സന്യാസികള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ ഇപ്പോള്‍ വലിയ പ്രശംസയാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha