ഭൂമിയിലെ സ്വര്‍ഗകവാടം; ടിയാന്‍മെന്‍ മലമുകളിലെ ഈ പ്രകൃതിദത്ത ഗുഹ
സ്വര്‍ഗം ഭൂമിയില്‍ തന്നെയാണെന്ന് അനുഭവിച്ചറിയുന്ന മനുഷ്യര്‍ വളരെ കുറവാണ്. അത്തരത്തില്‍ ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് പോകാന്‍ ആരും മരിക്കണമെന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വര്‍ഗത്തിലേക്ക് ഒരു വിസിറ്റ് നടത്തി തിരികെ വരാം. സൗന്ദര്യവും അഭൗമമായ യാത്രാസുഖവും ആസ്വദിച്ച് മടങ്ങാന്‍ പറ്റിയൊരിടം. ഒരു അലങ്കാരത്തിന്, ഭൂമിയിലെ സ്വര്‍ഗമെന്ന് നമ്മള്‍ പല സ്ഥലങ്ങളെയും വിശേഷിപ്പിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗമേതെന്ന് ചോദിച്ചാല്‍ ടിയാന്‍മെന്‍ എന്ന് അവിടം സന്ദര്‍ശിച്ചവര്‍ പറയും.
സൗന്ദര്യത്തിലും മഹിമയിലും പേരുകേട്ട ഈ സ്ഥലം ചൈനയിലെ ഷ്വാങ്ജാജി (Zhangjiajie) നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. പ്രകൃതിയുടെ ആത്മാവായി കണക്കാക്കുന്ന ഈ സ്ഥലത്ത് നാല് മഹാത്ഭുതങ്ങള്‍ കൂടിയുണ്ട്. ടിയന്‍മാന്‍ മൗണ്ടന്‍ കേബിള്‍ വേ, ടോഗ്റ്റിയന്‍ അവന്യൂ (Tongtian Avenue), ടിയാന്‍മെന്‍ ഗുഹ, മൗണ്ടന്‍ പ്ലേറ്റൗ വിര്‍ജിന്‍ ഫോറസ്റ്റ് (Mountain Plateau Virgin Forest) എന്നിവയാണത്.
ടിയാന്‍മെന്‍ പാര്‍ക്കിലെ സന്ദര്‍ശനത്തില്‍ മുഖ്യഘടകമാണ് മണിക്കൂറുകള്‍ താണ്ടുന്ന ടിയാന്‍മെന്‍ മലമുകളിലെ നടത്തം. ചൈനയില്‍ ഈ ഭാഗത്തെ സ്വര്‍ഗ കവാട പര്‍വതമെന്നാണ് പറയുന്നത്. പ്രകൃതിദത്തമായ ഒരു അദ്ഭുതമാണ് ഇവിടുത്തെ കാഴ്ച. സത്യത്തില്‍ സ്വര്‍ഗത്തിലേക്കുള്ള വഴി തന്നെയാണോ ഈ പ്രകൃതിദത്ത ഗുഹയിലേക്ക് തുറന്നിരിക്കുന്നതെന്ന് കാഴ്ചയില്‍ തോന്നി പോകും. പുരാതന കാലഘട്ടത്തില്‍ എപ്പോഴോ ഇവിടുത്തെ പര്‍വ്വതത്തിന്റെ മുകള്‍ ഭാഗം തകരുകയും ഇത്രയും മനോഹരമായ സ്വര്‍ഗ കവാടം സൃഷ്ടിക്കപ്പെടുകയുമായിരുന്നു. സ്വര്‍ഗകവാടമുള്ള ഈ പര്‍വതത്തിന്റെ പ്രാന്തപ്രദേശത്താണ് ടിയാന്‍മെന്‍ ആരാധനാലയം സ്ഥിതിചെയ്യുന്നത്.
ഇരുപതാം നൂറ്റാണ്ടില്‍ പര്‍വത മുകളില്‍ ഏകദേശം നാലു തവണ 1500 മീറ്റര്‍ ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടമുണ്ടായെന്നും എന്നാല്‍ 15 മിനിറ്റുകള്‍ മാത്രം നീണ്ടു നിന്ന ഈ വെള്ളച്ചാട്ടം പൊടുന്നനെ അപ്രത്യക്ഷ്യമായെന്നും ഒരു കഥയുണ്ട്. 1949-ല്‍ (ചൈന- റിപ്പബ്ലിക്ക് ഓഫ് ചൈന), 1976 (മാവോ സേതൂങിന്റെ മരണം), 1989 (ബീജിംഗില്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും), 1998 (നാടിനെ വിറപ്പിച്ച വെള്ളപ്പൊക്കം) എന്നീ പ്രതിഭാസങ്ങള്‍ നടന്ന വര്‍ഷങ്ങളിലാണ് ഈ വെള്ളച്ചാട്ട പ്രതിഭാസവും ഉണ്ടായതെന്ന് പറയപ്പെടുന്നു. അതിനാല്‍ തന്നെ ചൈനീസ് ജ്യോതിഷികള്‍ ഈ പ്രതിഭാസത്തെ തങ്ങളുടെ വിശ്വാസവുമായി അടുത്ത് ബന്ധപ്പെടുത്തിയാണ് നോക്കി കാണുന്നത്. ഈ സംഭവങ്ങളും മലമുകളിലെ അസാധാരണ പ്രതിഭാസവുമായി ജ്യോതിഷപരമായി ബന്ധമുണ്ടെന്നാണ് ഇവരുടെ വിശ്വാസം.
പ്രകൃതിദത്തമായി രൂപപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നിലനില്‍ക്കുന്ന ഗുഹകളില്‍ ഒന്നാണ് ടിയാന്‍മെന്‍ ഗുഹ. മലമുകളില്‍ നിന്നും മണ്ണൊലിച്ച് പോയി സ്വന്തമായി രൂപപ്പെട്ടതാണീ ഗുഹയെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എഡി 263-ല്‍ പര്‍വതത്തിന്റെ ഒരു വലിയ ഭാഗം തകര്‍ന്ന് 131.5 മീറ്റര്‍ ഉയരവും 57 മീറ്റര്‍ വീതിയും 60 മീറ്റര്‍ നീളവുമുള്ള വലിയ ദ്വാരം സൃഷ്ടിക്കപ്പെട്ടു. ഇന്നത് സ്വര്‍ഗത്തിന്റെ കവാടം
എന്നറിയപ്പെടുന്നു. വെള്ളമേഘങ്ങള്‍ കൊണ്ടു പൊതിഞ്ഞ ഈ സ്വര്‍ഗ കവാടം അക്ഷരാര്‍ത്ഥത്തില്‍ മനസിന് കുളിര്‍മ പകരുന്ന കാഴ്ചയാണ്.
ഗുഹയിലേക്കെത്താന്‍ കുത്തനെയും ഇടുങ്ങിയതുമായ 999 പടികളുണ്ട് 'സ്വര്‍ഗ്ഗത്തിലേക്കുള്ള പടികള്‍'. അത്ര എളുപ്പമല്ല ഈ പടിക്കയറ്റം. ഏതാണ്ട് 30 മിനിറ്റ് കഷ്ടപ്പെട്ട് പടികടന്നെത്തിയാല്‍ ഗുഹാമുഖത്ത് നിന്നും മനോഹരമായ കാഴ്ചകള്‍ കാണാം. മാത്രമല്ല, സ്വര്‍ഗത്തിലേക്കുള്ള പടികള്‍ കയറി സ്വര്‍ഗകവാടത്തില്‍ ചെന്ന് മുട്ടിയെന്ന് അവകാശപ്പെടുകയുമാകാം. ( ഇവിടുത്തെ പടികളുടെ എണ്ണത്തിലെ 9 എന്ന നമ്പര്‍ യാദൃശ്ചികമല്ല. അതിന് ഇവിടുത്തെ സംസ്‌കാരവുമായും വിശ്വാസങ്ങളുമായും അഭേദ്യമായ ബന്ധമുണ്ട്.) ഈ സ്‌റ്റെപ്പുകള്‍ കവര്‍ ചെയ്യാന്‍ ലിഫ്റ്റ് ഉപയോഗിക്കാനും സൗകര്യമുണ്ട്.
https://www.facebook.com/Malayalivartha