ഈ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍...
തായ്‌ലന്‍ഡിലെ ഒരു ഹൈവേയിലാണ് ഈ അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്കില്‍നിന്നു തെറിച്ച ഡ്രൈവര്‍ എതിരെ വന്ന മറ്റൊരു വാഹനത്തിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതും സീറ്റുബെല്‍റ്റ് ധരിക്കാത്തതുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ആറുവരിപ്പാതയുടെ ഡിവൈഡറില്‍ ഇടിച്ചതു മൂലമാണ് ഡ്രൈവര്‍ തെറിച്ചു വീണത്. എതിരെ വന്ന ഒരു വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡിലാണ് ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പെട്ടെന്നുതന്നെ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നമ്മളില്‍ പലരും ഇതുപോലെ സീറ്റ്‌ബെല്‍റ്റ് വിരോധികളാണ. വാഹനത്തില്‍ കയറിയാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പലര്‍ക്കും വളരെ ബുദ്ധിമുട്ടാണ്. സ്വന്തം സുരക്ഷയ്ക്ക് എന്നതിലുപരി പൊലീസ് ചെക്കിങ്ങില്‍നിന്നു രക്ഷ നേടാനാണ് മിക്കവരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതുതന്നെ. വാഹനങ്ങള്‍ ഓടിക്കാന്‍ പഠിക്കുമ്പോള്‍ പകര്‍ന്നുകിട്ടുന്ന സുരക്ഷയുടെ ആദ്യപാഠങ്ങളിലൊന്നാണ് സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത്. എന്നാല്‍ നമ്മില്‍ പലരും പിന്നീടത് സൗകര്യപൂര്‍വം മറക്കുന്നു. സീറ്റിലിരുന്നു ബെല്‍റ്റ് മുറുക്കിയാല്‍ത്തന്നെ 60 ശതമാനം സുരക്ഷിതരായി. എയര്‍ബാഗും എ ബി എസും മറ്റ് ആധുനിക സംവിധാനങ്ങളുമൊക്കെ സുരക്ഷയുടെ കാര്യത്തില്‍ സീറ്റ് ബെല്‍റ്റ് കഴിഞ്ഞേയുള്ളൂ. ചെറിയ വാഹനങ്ങളില്‍ മാത്രമല്ല ലോറി, ബസ് പോലുള്ള വലിയ വാഹനങ്ങളിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. അങ്ങനെ ധരിക്കാത്തവര്‍ക്ക് ഒരു ഉത്തമപാഠമാണീ വിഡിയോ.
പുതുതലമുറ വാഹനങ്ങളില്‍ എയര്‍ബാഗുകള്‍, എബിഎസ് ബ്രേക്കുകള്‍ തുടങ്ങി യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി സാങ്കേതിക വിദ്യകളുണ്ട്. എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക എന്നത് ഏറ്റവും അടിസ്ഥാന ഘടകമാണ്. വാഹന സുരക്ഷയില്‍ സീറ്റ് ബെല്‍റ്റുകളുടെ സ്ഥാനം വളരെ വലുതാണ്. എയര്‍ബാഗ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം.
അപകടം മൂലമുണ്ടാകുന്ന മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ സീറ്റുബെല്‍റ്റ് ധരിക്കുന്നതിലൂടെ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതര പരുക്കുകള്‍ 45 ശതമാനം വരെയും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരുക്കുകള്‍ 25 ശതമാനം വരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
https://www.facebook.com/Malayalivartha