തലയില്‍ മെസ്സിയും ക്രിസ്ത്യാനോയും! താരങ്ങളുടെ മുഖം ഹെയര്‍സ്‌റ്റൈലാക്കി സെര്‍ബിയക്കാര്‍; അത് ചെയ്തു കൊടുത്ത മരിയോ ഹവാലയ്ക്ക് നിന്നുതിരിയാന്‍ സമയമില്ല!
സെര്‍ബിയയിലെ മുടിവെട്ടുകാരനായ മരിയോ ഹവാല തന്റെ ഫുട്ബോള്‍ പ്രണയം പ്രകടിപ്പിക്കുന്നത് അല്‍പ്പം വ്യത്യസ്തമായ രീതിയിലാണ്. ലോകം കാല്‍പ്പന്ത് കളിയുടെ ആവേശത്തിലേക്ക് സകലവും മറന്ന് ഊളിയിടുമ്പോള്‍ ഹവാല തന്റെ സലൂണായ നോവി സാദില്‍ ബാര്‍ബര്‍ ജോലിയിലെ തന്റെ മികവ് മുഴുവന്‍ ആരാധകര്‍ക്കായി പുറത്തെടുത്തിരിക്കുകയാണ്.
ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ക്കായി മെസിയുടേയും ക്രിസ്ത്യാനോയുടെയുമെല്ലാം മുഖത്തിന്റെ ചിത്രം സെര്‍ബിയന്‍ ആരാധകര്‍ക്ക് ഹെയര്‍കട്ടായി ചെയ്തു കൊടുക്കുകയാണ് കക്ഷിയുടെ പരിപാടി. അതും തികച്ചും പെര്‍ഫെക്ട് ആയി. ഇത്തവണ എന്തെങ്കിലും വ്യത്യസ്തമായ കാര്യം ചെയ്യണമെന്ന് ഒരു ഉപഭോക്താവ്, ഒമ്പതു വര്‍ഷമായി തലയില്‍ ഹെയര്‍ ടാറ്റൂ ചെയ്തു കൊടുക്കുന്ന ഹവാലയോട് ആവശ്യപ്പെട്ടതാണ്
വേറിട്ട തലമുടിവെട്ട് പരീക്ഷിക്കാനിടയാക്കിയത്.
കൂട്ടത്തില്‍ സെര്‍ബിയ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുക കൂടി ചെയ്തതോടെ ലോകഫുട്‌ബോളിലെ രണ്ടു വമ്പന്മാരുടെ മുഖമാകട്ടെ ഇത്തവണത്തെ ടാറ്റൂ എന്ന് തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. ആദ്യ ആരാധകന്റെ തലയുടെ പിന്‍ഭാഗം കത്രികയും ബ്‌ളേഡും ഉപയോഗിച്ച് മെസ്സിയുടെ മുഖമാക്കി ഹവാല മാറ്റിയതോടെ സംഗതി കിടുക്കി. അത് പിന്നീട് സെര്‍ബിയയിലെ രണ്ടാമത്തെ വലിയ നഗരമായ നോവി സാദില്‍ തരംഗമാകുകയും ചെയ്തു. അതേസമയം താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പണി ഹെയര്‍ ടാറ്റൂ ചെയ്യുന്നതാണെന്നാണ് ഹവാല പറയുന്നത്.
അഞ്ചു മുതല്‍ ഏഴു മണിക്കൂര്‍ വരെ ചെലവിട്ടാണ് മെസ്സിയുടെ ചിത്രം തലയില്‍ ഹെയര്‍സ്‌റ്റെലാക്കാന്‍ കഴിഞ്ഞത്. സംഗതി ഇത്തിരി കോസ്റ്റ്‌ലി ആണ് താനും. സാധാരണ മുടിവെട്ടാന്‍ 9.5 യൂറോ കൊടുത്തിരുന്ന സ്ഥാനത്ത് സൂപ്പര്‍താരത്തെ തലയില്‍ പതിക്കാന്‍ വേണ്ടി വരുന്നത് 150 യൂറോയാണ്. 35-കാരന്‍ സ്രെതാന്‍ പാന്റിക്ക് എന്ന നാട്ടുകാരന് വേണ്ടിയാണ് ആദ്യം ഹവാല പണി ചെയ്തത്. ക്രിസ്ത്യാനോ റൊണാള്‍ഡോയെയാണ് വരച്ചത്. ഇത് ആള്‍ക്കാര്‍ കണ്ട് ഞെട്ടിയെന്നും ഒട്ടേറെ പോസിറ്റീവ് കമന്റുകള്‍ വന്നെന്നുമാണ് 35-കാരന്‍ പറഞ്ഞത്.
അലെക്‌സാ മാറിസെവിക് എന്ന 27-കാരനാണ് മെസ്സിയെ തലയിലേറ്റിയത്. പ്രമോഷണല്‍ പര്‍പ്പസില്‍ ആയതിനാല്‍ മെസ്സിയുടെ ചിത്രത്തിന് പണം വാങ്ങിയില്ല. അതേസമയം ഹെയര്‍ ടാറ്റൂവില്‍ സൂപ്പര്‍താരങ്ങളുടെ ചിത്രം പരീക്ഷണ വിജയം നേടിയപ്പോള്‍ ശരിക്കും സ്റ്റാറായത് ഉപയോക്താക്കളാണ്.
ഇപ്പോള്‍ വഴിയെ പോകുമ്പോള്‍ ഫോട്ടോയെടുക്കാന്‍ പോസ് ചെയ്യാന്‍ ആവശ്യപ്പെടുന്നവരുടെ തിരക്കാണ്. മെസ്സിയുടെ ചിത്രം പതിച്ച മാരിസെവിക്ക് ആദ്യം പക്ഷേ പരീക്ഷിച്ചത് വ്‌ലാദിമര്‍ പുടിനെയാണ്. അത് വിജയിച്ചതോടെ അടുത്തതും പരീക്ഷിച്ചു.
https://www.facebook.com/Malayalivartha