ഇപ്പോഴും ആര്‍ക്കും പിടികൊടുക്കാതെ ബെയ്‌ലിയുടെ നിധി ശേഖരം
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാഹസികര്‍, പുരാവസ്തുഗവേഷകര്‍, ലിപി വിദഗ്ധര്‍ എന്തിനേറെപ്പറയുന്നു സാക്ഷാല്‍ അമേരിക്കന്‍ ആര്‍മി പോലും തോല്‍വി സമ്മതിച്ച ചരിത്രമാണ് ബെയ്‌ലിയുടെ നിധിശേഖരത്തിനുള്ളത്. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തോമസ് ജെ ബെയ്‌ലി ന്യൂമെക്‌സിക്കോ കൊളറാഡോ അതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തിയതാണ് ഈ നിധിശേഖരം.
തുടര്‍ന്ന് അദ്ദേഹം തന്റെ ജന്മ സ്ഥലമായ വെര്‍ജീനിയിലേക്ക് ഈ നിധി ശേഖരം എത്തിക്കുകയായിരുന്നുവത്രേ. അതീവ രഹസ്യമായാണ് അദ്ദേഹം നിധി സൂക്ഷിച്ചുവച്ചത്. അദ്ദേഹത്തിന്റെ മരണം വരെ ഇക്കാര്യം അരും അറിഞ്ഞതുമില്ല. എന്നാല്‍ ബെയ്‌ലി നേരത്തെ തയാറാക്കിവച്ചിരുന്ന വില്‍പ്പത്രം അദ്ദേഹത്തിന്റെ മരണ ശേഷം പുറത്തായതോടെ നിധിയുടെ കാര്യം പുറം ലോകമറിയുകയായിരുന്നു.
താന്‍ കണ്ടെത്തിയ നിധി പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അതു കണ്ടെത്താന്‍ കഴിയുന്ന ആര്‍ക്കും നിധി അവകാശമാക്കാമെന്നുമാണ് വില്‍പ്പത്രത്തില്‍ എഴുതിയിരുന്നത്. നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചു സൂചന നല്‍കുന്ന രഹസ്യ ഭാഷയിലുള്ള മൂന്നു കുറിപ്പും അദ്ദേഹം സൂക്ഷിച്ചിരുന്നു.
നിരവധി ഗണിത അക്കങ്ങളായിരുന്നു ഈ മൂന്നു കുറിപ്പിലുണ്ടായിരുന്നത്. ഒരോ അക്കങ്ങളും ഏതോ അക്ഷരത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, അക്കങ്ങളില്‍ നിന്ന് അക്ഷരം കണ്ടെത്താനുള്ള സൂചിക(താക്കോല്‍്) നല്‍കിയിരുന്നില്ല.
കുറിപ്പിലെ രഹസ്യഭാഷ കണ്ടെത്താന്‍ നൂറ്റാണ്ടുകളായി പലരും ശ്രമിക്കുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും അതിനു സാധിച്ചിട്ടില്ല. അമേരിക്കന്‍, മെക്‌സിക്കന്‍ സര്‍ക്കാരും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിധി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും തോറ്റു പിന്‍വാങ്ങി. ഇതിനിടെ ബെയ്‌ലിയുടെ രണ്ടാമത്തെ കുറിപ്പ് ഭാഗികമായി അനാവരണം ചെയ്യാന്‍ അഞ്ജാതനായ ഒരു ലിപി വിദഗ്ദ്ധന് സാധിച്ചു.
ഇപ്പോഴത്തെ വെര്‍ജീനിയന്‍ സംസ്ഥാനത്ത് എവിടെയോ ആണ് നിധിയെന്നാണ് അദ്ദേഹം കണ്ടെത്തിയത്. എന്നാല്‍ ബാക്കി കുറിപ്പുകളിലെ രഹസ്യം അനാവരണം ചെയ്യാന്‍ അദ്ദേഹത്തിനായില്ല. ഇതിനേത്തുടര്‍ന്ന്് വെര്‍ജീനിയയുടെ പലഭാഗങ്ങളിലും ആളുകള്‍ കുഴിച്ചും പാറപൊട്ടിച്ചും ശവക്കല്ലറ കുത്തിത്തുറന്നുമൊക്കെ പരിശോധിച്ചെങ്കിലും നിധി പിടികൊടുത്തില്ല.
ഇപ്പോഴും ആളുകള്‍ അന്വേഷണം തുടരുന്നു. കൂടുതല്‍ ബുദ്ധിവൈഭവമുള്ളവരെ കാത്ത് ബെയ്‌ലിയുടെ നിധി ശേഖരം കാണാമറയത്തിരിക്കുകയാണിപ്പോഴും.
https://www.facebook.com/Malayalivartha