പാറശാല- നെയ്യാറ്റിന്‍കര ഭാഗത്തെ വ്യത്യസ്തനായ ഒരു കള്ളന്‍! വാട്ടര്‍ ടാപ്പ് മാത്രമേ മോഷ്ടിക്കൂ...
പാറശാല-നെയ്യാറ്റിന്‍കര ഭാഗത്തുള്ളവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് കുറച്ച് ദിവസങ്ങളായി. ഒരു കള്ളന്‍ കാരണമാണ് അവര്‍ ഉറക്കമൊഴിഞ്ഞ് ഇരിക്കേണ്ടി വരുന്നത്. സ്വര്‍ണവും പണവും മോഷ്ടിക്കുന്ന കള്ളനല്ല ഇത്, ഈ കള്ളന്‍ വാട്ടര്‍ ടാപ്പ് മാത്രമേ മോഷ്ടിക്കൂ.
ഈ കള്ളനെ പേടിച്ച് വീട്ടില്‍ വാട്ടര്‍ടാപ്പ് പിടിപ്പിക്കാന്‍ വയ്യെന്ന അവസ്ഥയിലാണ് ഈ പ്രദേശത്തെ ആളുകള്‍. വീടിന് പുറത്ത് സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് മോഷണം. വാട്ടര്‍ ടാപ്പ് ഊരിമാറ്റുന്ന സമയത്ത് വെള്ളം പുറത്തേക്ക് ചീറ്റുന്ന ശബ്ദം ഒഴിവാക്കാനാണ് മോഷ്ടാവ് തുണി ഉപയോഗിക്കുന്നത്.
ടാപ്പിനെ ചുറ്റിയിരിക്കുന്ന ടേപ്പുകള്‍ ഊരി മാറ്റുന്നതിനോടൊപ്പം വെള്ളം പുറത്തേക്ക് ഒഴുകാതെ തുണി ഉപയോഗിച്ച് ടാപ്പുകള്‍ അടയ്ക്കും. വീടിന് പുറത്ത് തുണി ഇല്ലെങ്കില്‍ സമീപത്തെ വീടുകളില്‍ നിന്ന് തുണി ശേഖരിച്ചെത്തിയും ടാപ്പുകള്‍ മോഷ്ടിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പാറശ്ശാല മഹാദേവര്‍ ഓഡിറ്റോറിയത്തിലെ ടാപ്പുകള്‍ മോഷ്ടിച്ചത് തൊട്ടടുത്ത വീട്ടില്‍നിന്ന് ശേഖരിച്ച തുണികള്‍ ഉപയോഗിച്ച്് ടാപ്പുകള്‍ അടച്ചാണ്. ബര്‍മുഡമാത്രം ധരിച്ചെത്തുന്ന മോഷ്ടാവ് കഴുത്തില്‍ കറുത്തനിറത്തിലുള്ള വലിപ്പമേറിയ മാലയും ധരിച്ചിട്ടുള്ളതായാണ് സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്നത്.
കൂടാതെ ഇടതു കൈത്തണ്ടയില്‍ തുണികെട്ടിയിട്ടുമുണ്ട്. രാത്രിയില്‍ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്താണ് പാറശ്ശാലമേഖലയില്‍ മോഷണം നടന്നിരിക്കുന്നത്. പാറശ്ശാല മഹാദേവര്‍ ക്ഷേത്ര റോഡിലെ സ്വാതികാസ് സുരേഷിന്റെ വീട്ടിലെ സിസിടിവിയില്‍ മോഷ്ടാവ് മതില്‍ ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
മതില്‍ ചാടിക്കടന്ന ശേഷമാണ് സമീപത്തെ പട്ടിക്കൂട് ഇയാളുടെ ശ്രദ്ധയില്‍ പെടുന്നത് അപായം മണത്ത ഇയാള്‍ പെട്ടെന്നു തന്നെ പുറത്തേക്ക് ചാടുകയായിരുന്നു. പ്രധാനമായും പിത്തള, സ്റ്റീല്‍ ടാപ്പുകളാണ് മോഷണം പോയിട്ടുള്ളത്. എന്നാല്‍ ചില സ്ഥലങ്ങളില്‍നിന്ന് പ്ലാസ്റ്റിക് ടാപ്പുകളും മോഷണം പോയിട്ടുണ്ട്. സംഘം ചേര്‍ന്നെത്തുന്ന മോഷ്ടാക്കളല്ല ടാപ്പ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങളുപയോഗിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്.
https://www.facebook.com/Malayalivartha