പാടി പിച്ചയെടുക്കാന്‍ ലൈസന്‍സ് നല്‍കപ്പെടും!
മോസ്‌കോയുടെ തെരുവു നിറയെ സംഗീതമാണ്. രാത്രിയെന്നും പകലെന്നും ഭേദമില്ലാതെ, വോക്കലിസ്റ്റുകള്‍ മുതല്‍ പിയാനോ വായനക്കാര്‍വരെ അക്കൂട്ടത്തിലുണ്ട്. നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വാദ്യോപകരണങ്ങള്‍ മുതല്‍ എല്ലാ താളവാദ്യങ്ങളും അവരുടെ കയ്യില്‍ ഉണ്ട്. റഷ്യയിലെ ഈ ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഈ താളവും ലയവുമാണ്.
മോസ്‌കോയിലെ പ്രധാനപ്പെട്ട തെരുവുകളുടെ അരികിലും സബ്‌വേകളിലും മെട്രോ സ്‌റ്റേഷനുകളിലുമെല്ലാം ഇവരെ കാണാം. തിരക്കുപിടിച്ചോടുന്ന നഗരവും ആഘോഷലഹരിയില്‍ നടന്നുനീങ്ങുന്ന ഫുട്‌ബോള്‍ ആരാധകരും ഇവര്‍ക്കു മുന്നില്‍ ഒരുനിമിഷം അറിയാതെ നിന്നുപോകും. വാദ്യവായനക്കാര്‍ക്കു മുന്നില്‍ ചെറിയൊരു സഞ്ചി വച്ചിട്ടുണ്ട്. അഭ്യുദയകാംക്ഷികള്‍ക്ക് അതിലേക്കു ചില്ലറത്തുട്ടുകള്‍ ഇടാം. പണം നല്‍കിയാലും ഇല്ലെങ്കിലും സംഗീതം തുടരും!
മോസ്‌കോയില്‍ ഒരു വലിയ സംഘമാളുകളുടെ ഉപജീവനമാര്‍ഗം കൂടിയാണിതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. വഴിവാണിഭക്കാരുടെയും പാട്ടുകാരുടെയും എണ്ണം കൂടിയതോടെ രണ്ടുവര്‍ഷം മുന്‍പു മോസ്‌കോ നഗരഭരണാധികാരികള്‍ പുതിയ നിയമം കൊണ്ടുവന്നു. പാട്ടുകാര്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തി. റഷ്യയിലെ പ്രസിദ്ധരായ സംഗീതജ്ഞരുടെ പാനലിനു മുന്നില്‍ തെരുവുപാട്ടുകാര്‍ തങ്ങളുടെ കലാവിരുത് അവതരിപ്പിച്ചു. ഓഡിഷനില്‍ ജേതാക്കളായവര്‍ക്കു മാത്രം തെരുവില്‍ പരിപാടി അവതരിപ്പിക്കാന്‍ ലൈസന്‍സും ലഭിച്ചു!
എങ്കിലും ലൈസന്‍സില്ലാത്ത അനേകം പേര്‍ ഇപ്പോഴും തെരുവുകളിലുണ്ട്. ചിലപ്പോഴൊക്കെ പൊലീസ് പരിശോധനയുമായി വരും. ലൈസന്‍സില്ലാത്തവരുടെ വാദ്യോപകരണങ്ങള്‍ പിടിച്ചുകൊണ്ടുപോകും. പലരും പൊലീസിനു ചില്ലറ നല്‍കിയാണു പിടിച്ചുനില്‍ക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്.
https://www.facebook.com/Malayalivartha