എല്ലാം ഓരോരോ വിശ്വാസങ്ങള്‍...,അല്ലേലും വിശ്വാസം അതാണല്ലോ എല്ലാം!
കുറ്റിത്താടി 'ലുക്കില്‍' ഹാരി കെയ്ന്‍ കളിക്കാനിറങ്ങിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് ആരാധകര്‍ പ്രാര്‍ഥന തുടങ്ങി, ഒരുമാസത്തേക്ക് ആ താടി ഷേവ് ചെയ്യാന്‍ ഇടവരരുതേ എന്ന്...!
നാലുവര്‍ഷം മുന്‍പ്, ടോട്ടനത്തിനു വേണ്ടി കളിക്കുമ്പോള്‍ കെയ്ന്‍ ഒരു ശപഥമെടുത്തു, ഇനി കളിയില്‍ താന്‍ ഗോളടിച്ചാല്‍ ഷേവ് ചെയ്യില്ല എന്ന്! ആ ശപഥം ഏറെനാള്‍ നീണ്ടു. ഇതാ കെയ്ന്‍ വീണ്ടും ചെമ്പന്‍താടിയുമായി ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളത്തില്‍. ടുനീഷ്യയ്‌ക്കെതിരെ വിജയഗോള്‍ നേടി തന്റെ വിശ്വാസം തന്നെ രക്ഷിക്കുമെന്ന് സ്വയം തെളിക്കുകയും ചെയ്തു.
ഇങ്ങനെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഇത്തരത്തിലുള്ള ചില വിശ്വാസങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇതാ...
വലതുകാല്‍ വച്ച് മൈതാനത്തിറങ്ങാന്‍ പ്രത്യേക ശ്രദ്ധ വയ്ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകകപ്പിലെ ആദ്യ കളിയില്‍ തന്നെ ഹാട്രിക്കുമായി തുടക്കം ശുഭമാക്കി. പോര്‍ച്ചുഗല്‍ ക്യാപ്റ്റനായ താരം ഫ്രീകിക്ക് എടുക്കാന്‍ തുടങ്ങുമ്പോഴും അങ്ങനെ തന്നെ.
പെനല്‍റ്റിയോ ഫ്രീകിക്കോ എടുക്കും മുന്‍പ് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി പന്തെടുത്തു രണ്ടുകൈ കൊണ്ടുമാണ് നിലത്തു വയ്ക്കാറുള്ളത്. പന്തു വയ്ക്കാന്‍ നടന്ന അത്ര തന്നെ കാലടികള്‍ പിന്നിലേക്ക് നടന്ന ശേഷമേ സ്‌ട്രൈക്ക് ചെയ്യൂ.
ഓരോ മത്സരത്തിനു മുന്‍പും നെയ്മര്‍ അച്ഛനെ ഫോണില്‍ വിളിക്കും. അച്ഛനൊപ്പം പ്രാര്‍ഥിക്കും. അച്ഛന്റെ പ്രാര്‍ഥന തനിക്കു ഭാഗ്യം കൊണ്ടുവരുമെന്നു നെയ്മര്‍ വിശ്വസിക്കുന്നു. സങ്കീര്‍ണമായ മത്സരങ്ങള്‍ക്കു മുന്‍പു നെയ്മര്‍ ആരാധകര്‍ക്കായി സ്വന്തം ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പതിവുമുണ്ട്.
ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ഫില്‍ ജോണ്‍സിനു മൈതാനത്തെ വെള്ളവരകളില്‍ കാല്‍വയ്ക്കാന്‍ മടിയാണ്. കോര്‍ണര്‍ കിക്ക് എടുക്കേണ്ടിവരുന്നതു പോലുള്ള നിര്‍ണായക നിമിഷങ്ങളിലൊഴികെ ജോണ്‍സ് വെള്ളവര ഒഴിവാക്കിയേ സഞ്ചരിക്കൂ.
ഇംഗ്ലിഷ് മധ്യനിരക്കാരന്‍ വാര്‍ഡി മത്സരങ്ങള്‍ക്കു മുന്‍പു വൈകുന്നേരങ്ങളില്‍ ഒരു ഗ്ലാസ് 'പോര്‍ട്ട്' ബ്രാന്‍ഡ് വീഞ്ഞ് അകത്താക്കും. മത്സരം കഴിഞ്ഞെത്തിയ ശേഷം മീന്‍വിഭവങ്ങള്‍ കൂട്ടി അത്താഴവും എന്നതാണ് ശീലം.
ജര്‍മന്‍ കുന്തമുനയായ ഓസില്‍ ബൂട്ട് ധരിക്കുമ്പോള്‍ വലതുകാലിലെ ബൂട്ട് ആദ്യം ധരിക്കും. പലവട്ടം കടുംകെട്ടിട്ടു മുറുക്കിയാകും ബൂട്ട് ധരിക്കുക. മൈതാനത്ത് ഇറങ്ങുമ്പോള്‍ വലതുകാല്‍ തന്നെയാണ് ആദ്യം കുത്തുന്നതും.
ജര്‍മന്‍ താരം ഗോമസ് ഡ്രസിങ് റൂമിലെ ശുചിമുറിയില്‍ ഏറ്റവും ഇടതുവശത്തെ യൂറിനല്‍ മാത്രമേ മൂത്രശങ്ക തീര്‍ക്കാന്‍ ഉപയോഗിക്കൂ. മത്സരത്തിന് ഇറങ്ങും മുന്‍പ് അവസാനമായി ഗോമസ് ചെയ്യുന്നതും ഇതുതന്നെ.
കാലുകൊണ്ടും പല്ലുകൊണ്ടും മൈതാനത്തെ വിറപ്പിക്കുന്ന യുറുഗ്വായ് താരം സ്വാരസിന്റെ ഭാഗ്യം കൈത്തണ്ടയിലെ ടാറ്റൂവിലാണ്. പക്കാ 'ഫാമിലി മാന്‍' ആയ സ്വാരസ് തന്റെ മക്കളുടെ പേരാണു കൈത്തണ്ടയില്‍ പച്ചകുത്തിയിരിക്കുന്നത്.
ബല്‍ജിയന്‍ ഗോള്‍കീപ്പര്‍ കോര്‍ട്ടോയിസ് ഗ്രൗണ്ടിലേക്ക് പോകുന്നത് ഗ്ലൗസിന്റെ തുമ്പില്‍ വെള്ളം നനച്ചുകൊണ്ടാണ്. ബൂട്ട് കൊണ്ട് പോസ്റ്റില്‍ ചെറുതായി തട്ടും. നെറ്റിനു നടുവില്‍ ഇടിക്കും.
ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ കൈല്‍ വോക്കര്‍ മത്സരങ്ങള്‍ക്കിറങ്ങും മുന്‍പ് തന്റെ ബ്രേസ്‌ലെറ്റില്‍ ചുംബിക്കും. കാരണം ചോദിച്ചാല്‍ വോക്കര്‍ പറയും, 'ഞാന്‍ പതിവായി അങ്ങനെ ചെയ്യാറുണ്ട്, അത്ര തന്നെ.'
https://www.facebook.com/Malayalivartha