പണം പിന്വലിക്കാനെത്തിയവര്ക്കെല്ലാം ചോദിക്കുന്നതിന്റെ അഞ്ച് മടങ്ങ് പണം ലഭിച്ചു; ഉദാരമനസ്കനായ എടിഎം-ന് പൂട്ട് വീണു!
പത്ത് ചോദിച്ചാല്‍ നൂറ് കൊടുക്കുന്ന തരത്തിലുള്ള ഉദാരമനസ്കര്‍ ഇപ്പോഴും അപൂര്‍വ്വമായെങ്കിലും ഉണ്ട്. എന്നാല്‍ അതൊരു അനുകരണീയ മാതൃക ആണെന്ന് ഒരു എ ടി എം മെഷീന് തോന്നിയാലോ...?
ഇടപാടുകാരന് ആവശ്യപ്പെടുന്ന പണത്തിന്റെ അഞ്ചിരട്ടി നല്‍കിയാണ് എടിഎം ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. എന്നാല്‍ എടിഎം ഉദാരമനസ്കത കാണിച്ചപ്പോള്‍ ബാങ്കിന് നഷ്ടം വന്നത് ലക്ഷങ്ങളായിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിലെ സിഡ്കോ മേഖലയിലെ വിജയനഗര്‍ എടിഎമ്മാണ് ഇടപാടുകാര്‍ക്ക് കൈയയച്ച് പണം നല്കി വേറിട്ട് നിന്നത്. അനിയന്ത്രിതമായി പണം നഷ്ടമാകുന്നുവെന്നറിഞ്ഞതോടെ ആക്സിസ് ബാങ്ക് സ്വന്തം എടിഎമ്മിന് തല്കാലത്തേക്ക് താഴിട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പണം ലോഡ് ചെയ്തിന് ശേഷമാണ് മെഷീന് ഇടപാടുകാരോട് കരുണ കാണിച്ചു തുടങ്ങിയത്. 1000 ചോദിച്ചാല്‍ 5000-വും 4000-ന് 20000 വും ഇടപാടുകാര്‍ക്കായി എടിഎം നല്കി. ഇടപാടുകാര്‍ തന്നെയാണ് ബാങ്കില്‍ വിവരമറിയിച്ചതും.
എടിഎമ്മിന്റെ താളപ്പിഴ പിന്നീട് മനസിലാക്കിയ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ പ്രവീണ്‍ ഭൈസെ ആംബാദ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും മെഷീനിന് തല്കാലം വിലക്കേര്‍പ്പെടുത്തുകയുമായിരുന്നു. കൂടുതല്‍ തുക പിന്‍വലിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ സമാഹരിച്ചിട്ടുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി.
https://www.facebook.com/Malayalivartha