നാട് ഫുട്‌ബോള്‍ ലഹരിയില്‍ ആറാടുമ്പോള്‍, നവവരനും വധുവിനും വെറുതെ ഇരിക്കാന്‍ പറ്റുമോ...അവരും നടത്തി വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട്
വിവാഹ ഫോട്ടോ ഷൂട്ട് എന്നു പറഞ്ഞാല്‍ പാട്ടും നൃത്തവും മാത്രമാണെന്നാണോ വിചാരം? ഫുട്‌ബോള്‍ ആവേശം ലോകമെമ്പാടും അലതല്ലുന്ന ഈ വേളയില്‍ നമവാധ്യമങ്ങളില്‍ വാര്‍ത്തയാകുന്ന ഈ വിവാഹ ഫോട്ടോഷൂട്ട് കണ്ടുനോക്കൂ. തൃശൂര്‍ സ്വദേശികളായ റോഷനും മോനിഷയുമാണ് വരനും വധുവും. ഈ ഫോട്ടോഷൂട്ടില്‍ താരമാകുന്നത് ഫോട്ടോഗ്രാഫറൊന്നുമല്ല, വരനും വധുവും തന്നെയാണ്.
ബ്രസീലിന്റെ ജഴ്‌സിയണിഞ്ഞാണ് വരന്‍ ഫോട്ടോഷൂട്ടിനെത്തിയത്. ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ എന്നു പറഞ്ഞ് വധുവും ബ്രസീല്‍ ജഴ്‌സിയണിഞ്ഞാവും എത്തിയിട്ടുണ്ടാവുക എന്നു കരുതിയവരുണ്ടെങ്കില്‍ അവര്‍ക്കു തെറ്റി. വധു എത്തിയത് അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞായിരുന്നു. വധുവും പന്തുതട്ടുവാന്‍ തീരുമാനിച്ചപ്പോള്‍ വരന്റെ വകയൊരു ബൈസിക്കിള്‍ കിക്കും കൂടിയായത് ഫോട്ടോ ഷൂട്ടിനെ കൂടുതല്‍ മനോഹരമാക്കി.
തൃശൂരില്‍ എംജി റോഡിലുള്ള ഡിഫറന്റ് പോയിന്റ് എന്ന സ്റ്റുഡിയോയാണ് വൈറലാകുന്ന ഈ ചിത്രത്തിന് പിന്നില്‍. ഇത്തരമൊരു ചിന്തയെപ്പറ്റി കേട്ടപ്പോള്‍ തന്നെ തൃശൂര്‍ സ്വദേശിയും സാമാന്യം തരക്കേടില്ലാത്ത ഫുട്‌ബോള്‍ കളിക്കാരനുമായ വരന്‍ റോഷനും തിരൂര്‍ സ്വദേശിനിയും ഡോക്ടറുമായ വധു മോനിഷയ്ക്കും നൂറു വട്ടം സമ്മതം.
അങ്ങനെ മഴ പെയ്ത് ചളി കുത്തിയ പാടത്ത് ഫോട്ടോഷൂട്ടിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മൂന്നാമത്തെയോ നാലാമത്തെയോ ടേക്കില്‍ സംഗതി ഓക്കെയായി. പക്ഷേ, അടിച്ച സിസര്‍കട്ടുകള്‍ റോഷന് ഒരു ചെറിയ പണി കൊടുത്തു. കാലിന്റെ ഉപ്പൂറ്റിക്ക് ചെറിയൊരു ചതവ്. അതൊന്നും പ്രശ്‌നമല്ല, ഫോട്ടോ കലക്കിയില്ലേ എന്നാണ് റോഷന്റെ ചോദ്യം. കലക്കിയെന്നു മാത്രമല്ല, സംഭവം കയ്യീന്ന് പോയി. ആകെ മൊത്തം ഫേസ്ബുക്ക്, വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോയെപ്പറ്റിയാണ് ചര്‍ച്ച.
ഡിഫറന്റ് പോയിന്റ് ഇതാദ്യമായൊന്നുമല്ല വൈറല്‍ സ്വഭാവമുള്ള ചിത്രങ്ങള്‍ പടച്ചു വിടുന്നത്. അവരുടെ ഫേസ്ബുക്ക് പേജിലുള്ള ഒട്ടു മിക്ക ചിത്രങ്ങളും വളരെ വ്യത്യസ്തമായ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്. അതില്‍ പലതും മുന്‍പും വൈറലായതുമാണ്. അഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ സ്റ്റുഡിയോ ഇത്തരം വ്യത്യസ്തതകളിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതിനെല്ലാം പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ അനീഷ് തൃത്തല്ലൂര്‍ എന്ന ഫോട്ടോഗ്രാഫറും.
കല്യാണം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പടം പിടുത്തം ഇതു വരെ കഴിഞ്ഞിട്ടില്ല. കാലു നേരെയായിട്ട് ബാക്കി ഫോട്ടോ എന്നാണ് നിലവില്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍. ഈ ന്യൂ ജെന്‍ പിള്ളാരുടെ ഓരോരോ കാര്യങ്ങളേ!
https://www.facebook.com/Malayalivartha