ചാലക്കുടി വരെയൊന്ന് പോകണം, ആ വെട്ടിച്ചിറ സൈമനെ അങ്ങ് തട്ടണം...,'അധോലോക'ത്തിലെ പ്ലാനുകള്‍ രഹസ്യമല്ലാതാവുന്നു...!
ചാലക്കുടി വഴിക്കെങ്ങാനും പോകുമ്പോള്‍ ഐസ്‌ക്രീം കഴിക്കാന്‍ മോഹം തോന്നിയാല്‍ നേരെ അധോലോകത്തേക്ക് ചെന്നാല്‍ മതി. മനുഷ്യര്‍ സ്വസ്ഥമായി ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലെന്നുണ്ടോ...കൊണ്ട് കുഴിയില്‍ ചാടിക്കാനുള്ള ഉപദേശവുമായി വന്നിരിക്കുന്നു...അധോലോകത്ത് പോയി ഐസ് ക്രീം കഴിക്കണം പോലും! ഇവിടൊക്കെ കിട്ടുന്ന ഐസ് ക്രീം തിന്ന് മടുക്കുമ്പോള്‍ വിദഗ്‌ദ്ധോപദേശം തേടി ഞങ്ങള്‍ വരുന്നെങ്കില്‍ അപ്പോള്‍ തന്നാല്‍ മതി അധോലോകത്തേക്ക് പോകാനുള്ള ഉപദേശം എന്നൊക്കെ ആക്രോശിക്കാന്‍ തോന്നുന്നുണ്ടാവും എന്നറിയാം. ഇത്ര ചൂടായ സ്ഥിതിക്ക്, ഇനി നന്നായി ഒന്ന് തണുക്കണമെങ്കില്‍ അധോലോകത്ത് തന്നെ പോകണം.
സൗത്ത് ചാലക്കുടിയിലെ ഒരു കട്ടലോക്കല്‍ ഐസ്‌ക്രീം കടയാണ് അധോലോകം. കടയുടെ പേരില്‍ തുടങ്ങുന്ന വ്യത്യസ്തത ഇവിടുത്തെ ഓരോ വിഭവങ്ങളിലുമുണ്ട്. ''ഞാനും അപ്പനും അപ്പന്റെ പെങ്ങള്‍ സുഭദ്രയും'' സാധാരണക്കാരന്റെ സ്വന്തം ഫ്രൂട്ട് സാലഡാണ്. കഴിച്ചവര്‍ പറയുന്നു ''സൂപ്പറാണ് ഈ കോംബോ'' എന്ന്. ആനപ്പാറ അച്ചാമ്മയും ഡാഡി ഗിരിജയും അപ്പാനി രവിയുമൊക്കെ തണുത്തുറഞ്ഞ് മധുരം നിറച്ച് പല നിറത്തില്‍ നമുക്കു മുമ്പിലെത്തും. മാധുര്യത്താല്‍ അലിഞ്ഞില്ലാതാകുന്ന ഐസ് ക്രീമുകള്‍ക്ക് ചൂടന്‍ വില്ലന്‍മാരുടെ പേരുകള്‍ നല്‍കിയിരിക്കുന്നതു തന്നെ ഏറെ രസം പകരുന്നു.
മനസ്സില്‍ ഭീതി നിറച്ച വില്ലന്‍മാര്‍ മാത്രമല്ല നായകനായി എത്തിയ വില്ലന്‍, സാഗര്‍ ഏലിയാസ് ജാക്കിയും പ്രേക്ഷകരെയേറെ ചിരിപ്പിച്ച കൃഷ്ണ വിലാസം ഭഗീരഥന്‍ പിള്ളയും ഇവിടെ സ്വാദു നിറച്ച ഐസ്‌ക്രീമുകളാണ്. വില്ലന്‍മാര്‍ മാത്രമല്ല വില്ലത്തികളും അധോലോകത്ത് താരങ്ങളായുണ്ട്. ഗിഞ്ചി മൂഡ് ഗാന്ധാരി ഓറഞ്ച് ജ്യൂസായും ആനപ്പാറ അച്ചാമ്മ മുസാംബി ജ്യൂസായും ഈ വില്ലന്‍മാരുടെ ലോകത്ത് വനിതാ പ്രാതിനിധ്യമുറപ്പിക്കുന്നു.
ചുവരുകളില്‍ മുഴുവന്‍ മലയാള സിനിമയിലെ അനശ്വരമായ വില്ലന്‍ കഥാപാത്രങ്ങളെ നിറച്ച ഈ ഐസ്‌ക്രീം കട തുടങ്ങിയ നാള്‍ മുതല്‍ തന്നെ ഹിറ്റാണ്. അതില്‍ പേരുകളുടെ പ്രത്യേകതകള്‍ക്ക് പുറമെ സ്വാദിന്റെ സ്വാധീനം കൂടിയുണ്ടെന്നത് പറയാതെ വയ്യ. മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ആടു തോമയും മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചനും ബിലാല്‍ ജോണ്‍ കുരിശിങ്കലും സുരേഷ് ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചിയും ആടിലെ അറയ്ക്കല്‍ അബുവും ഡ്യൂഡും വരെ ചിരിപടര്‍ത്തിയും കുറച്ച് സീരിയസായും ആവശ്യക്കാര്‍ക്ക് മുമ്പില്‍ നിരന്നു കഴിയുമ്പോള്‍ കഴിക്കാനേറെ താല്‍പര്യമാണ് എല്ലാവര്‍ക്കും.
വലിയ വിലക്കൂടുതലില്ലെന്നതും വ്യത്യസ്തത തരം രുചികള്‍ ആസ്വദിക്കാമെന്നതും ഈ കട്ടലോക്കല്‍ കടയുടെ പ്രത്യേകതയാണ്. ചിക്കുവും ഈന്തപ്പഴവും ചോക്ലേറ്റും പിസ്തയും ആല്‍മണ്ടും കശുവണ്ടിയും തുടങ്ങി കാരറ്റും ബീറ്റ് റൂട്ടും വരെ രുചിയുടെ വലിയ വില്ലത്തരങ്ങളുമായി ഇവിടെ ഡിഷ്യു , ഡിഷ്യു താളത്തില്‍ മധുരം വിളമ്പുന്നു. എന്തായാലും രുചി തേടി നടക്കുന്നവരെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ അധോലോകത്തെ വില്ലന്മാര്‍ക്ക് സാധിച്ചിട്ടുണ്ടെന്നതിന് തെളിവാണ് കടയിലെ തിരക്ക്.
അപ്പോള്‍ ഇനി ചാലക്കുടിയ്ക്ക് ഒരു യാത്ര പോകുന്നുണ്ടെങ്കില്‍ ആ വെട്ടിച്ചിറ സൈമനെ അങ്ങ് തട്ടിയേക്കണം കേട്ടോ?
https://www.facebook.com/Malayalivartha