ലോകകപ്പ് ഫുട്ബോള്‍ മല്‍സരവേദിക്ക് മുകളില്‍ പറക്കും തളിക!
'അസാധാരണ' സംഭവങ്ങളുമായി റഷ്യയില്‍ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് തകര്‍ക്കുകയാണ്. അനായാസം ജയിക്കുമെന്ന് കരുതിയ ടീമുകള്‍ ഗ്രൗണ്ടില്‍ വിയര്‍ക്കുന്നു. ഒരുതരത്തിലും ജയിക്കില്ലെന്ന് കരുതുന്ന ടീമുകള്‍ മിന്നും ജയത്തോടെ മുന്നേറുന്നു. അതിനിടെയാണ് മറ്റൊരു കൗതുകം സംഭവിച്ചത്. ലോകകപ്പ് വേദികളിലൊന്നായ നിസ്‌നി നോവ്ഗരഡ് സ്‌റ്റേഡിയത്തിനു മുകളില്‍ നിന്നായിരുന്നു ആ കാഴ്ച. ജൂണ്‍ 24-ന് ഇംഗ്ലണ്ടിന്റെ മത്സരം നടക്കാനിരിക്കുന്ന ആ സ്‌റ്റേഡിയത്തിന് മുകളിലൂടെ പ്രത്യേകതരം വെളിച്ച വിന്യാസം പോകുന്നു. റഷ്യക്കാരില്‍ ചിലരെല്ലാം അതിന്റെ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലിട്ടു. അതോടെ ചര്‍ച്ചയും ശക്തമായി.
'സ്റ്റിങ് റേ' (തിരണ്ടി) യുടെ ആകൃതിയില്‍ ആകാശത്തിലൂടെ പോകുന്ന വെളിച്ചവിന്യാസത്തിന്റെ വിഡിയോയാണ് വൈറലായത്. കിറോവില്‍ നിന്നുള്ള ഒരു യുവതിയാണ് ഇത് പോസ്റ്റ് ചെയ്തത്. ലോകകപ്പ് കാണാന്‍ അന്യഗ്രഹ ജീവികള്‍ വന്നെത്തിയ പറക്കും തളിക ആണെന്ന മട്ടിലുള്ള ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ ആ വിഡിയോ മതിയായിരുന്നു.
ചര്‍ച്ചകളങ്ങനെ മുന്നേറവേ ഔദ്യോഗികമായി അതു സംബന്ധിച്ച പ്രഖ്യാപനം വന്നു. ലോകകപ്പ് കാലത്ത് റഷ്യയുടെ കൃത്രിമ ഉപഗ്രഹങ്ങളിലൊന്നിന്റെ വിക്ഷേപണത്തെയായിരുന്നു കാഴ്ചക്കാര്‍ പറക്കുംതളികയായി തെറ്റിദ്ധരിച്ചത്. ലോകകപ്പിനും മുന്‍പേ തീരുമാനിച്ചതായിരുന്നു ഗ്ലോനസ് എം സാറ്റലൈറ്റിന്റെ വിക്ഷേപണം. സോയുസ് 2.1 ബി റോക്കറ്റിലേറി അര്‍ഹാന്‍ഗില്‍സ്‌ക് മേഖലയില്‍ നിന്നായിരുന്നു യാത്ര. ഇവിടെ പ്ലീസെറ്റ്‌സ്‌ക് കോസ്‌മോഡ്രോമില്‍ നിന്ന് ഞായറാഴ്ചയായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. ജൂണ്‍ 17-ന് തീരുമാനിച്ചുറപ്പിച്ചത് പ്രകാരം പ്രാദേശിക സമയം 12.45-ന് തന്നെ വിക്ഷേപണവും നടന്നു.
റഷ്യയുടെ സ്വന്തം സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റത്തിന്റെ ഭാഗമാകാനായിരുന്നു ഗ്ലോനസ് എമ്മിന്റെ യാത്ര. റോക്കറ്റില്‍ നിന്ന് പുറന്തള്ളപ്പെട്ട പുക പ്രത്യേക ആകൃതിയില്‍ രൂപപ്പെട്ടതാണ് രാജ്യമെങ്ങും 'യുഎഫ്ഒ' ചര്‍ച്ചയ്ക്ക് കാരണമാക്കിയത്. പരന്ന വലിയ ഉടലും നീളന്‍ വാലുമുള്ള 'സ്റ്റിങ് റേ'യോട് ഉപമിക്കാവും വിധമായിരുന്നു ആ പുകയുടെ ആകൃതിയും. ഇതോടൊപ്പം തിളങ്ങുന്ന വെളിച്ചം കൂടിയായതോടെ സംഗതിക്ക് വ്യാപക ശ്രദ്ധയും കിട്ടി. യുഎഫ്ഒ ചര്‍ച്ചകളെല്ലാം ഒതുങ്ങിയപ്പോള്‍ ഗ്ലോനസ് സാറ്റലൈറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിയിരിക്കുന്നുവെന്ന് റഷ്യയില്‍ നിന്ന് അടുത്ത സന്തോഷ വാര്‍ത്തയുമെത്തി!
https://www.facebook.com/Malayalivartha