ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള യാത്രയ്ക്കിടെ ബസിന് മുന്നില്‍ കാട്ടാന പ്രത്യക്ഷപ്പെട്ടപ്പോള്‍...
കര്‍ണാടകയിലെ കാമരാജ്‌നഗറില്‍ നിന്നും കോഴിക്കോട്ടേക്ക് നിറയെ ആളുകളുമായി ആ ബസ് പുറപ്പെട്ടത് ഞായറാഴ്ച രാവിലെയായിരുന്നു. ബന്ദിപൂര്‍ വനമേഖലയിലൂടെയാണ് യാത്ര. പെട്ടെന്നാണ് ഒരു ആനക്കൂട്ടം ബസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ആനകള്‍ കടന്നുപോകുന്നതിനായി ബസ് നിര്‍ത്തിയിട്ടു. പെട്ടെന്നാണ് അതില്‍ ഒരാന ബസിനു നേര്‍ക്ക് ചിന്നം വിളിച്ചുകൊണ്ട് പാഞ്ഞടുത്തത്.
ആനയില്‍ നിന്നും രക്ഷപ്പെടാന്‍ ഡ്രൈവര്‍ ബസ് പിന്നോട്ടെടുത്തു. അരകിലോമീറ്ററോളം ബസ് പിന്നോട്ട് ഓടി. എന്നാല്‍ എല്ലാവരേയും ഭയചകിതരാക്കികൊണ്ട് ആന മുന്നോട്ടു പാഞ്ഞ് വന്നുകൊണ്ടിരുന്നു. ആന ബസിനു തൊട്ടടുത്തെത്തി. ഇനി എന്ത് എന്ന് ചിന്തിച്ച് യാത്രക്കാരും ഡ്രൈവറും സ്തംഭിച്ചിരുന്നു. ഈ സമയം ആന ബസില്‍ ഒന്ന് ആഞ്ഞടിച്ചു. അടിച്ച ആന തന്നെ എന്തുകൊണ്ടോ ഭയന്നുപോയി പുറംതിരിഞ്ഞ് ഓടുകയായിരുന്നു.
ബസിന്റെ ചില്ലില്‍ വിള്ളലുകള്‍ വന്നതല്ലാതെ മറ്റ് കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല. യാത്രക്കാര്‍ക്കും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ബസിന്റെ മുന്‍സീറ്റില്‍ ഇരുന്ന ഒരു യാത്രക്കാരനാണ് ഈ സംഭവം അപ്പാടെ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടത്.
വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ് ഈ റൂട്ട്. മൃഗങ്ങളെ ശല്യപ്പെടുത്താതിരിക്കാന്‍ രാത്രി ആറു മണി മുതല്‍ രാവിലെ ഏഴു മണിവരെ ഈ റൂട്ടില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha