32,000 കൊല്ലം മുന്‍പുള്ള വിത്ത് മുളപ്പിച്ച് ചെടി ആക്കിയപ്പോള്‍!
റഷ്യയിലെ സൈബീരിയയുടെ തണുത്തുറഞ്ഞ ഭൂപ്രദേശത്ത് ഉല്‍ഖനനം നടത്തുമ്പോള്‍ കുറെ വിത്തുകള്‍ ലഭിച്ചു. റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് വഴി കാലപ്പഴക്കം നിര്‍ണയിച്ചു നോക്കിയപ്പോള്‍, 38 മീറ്റര്‍ ആഴത്തില്‍ മാമത്തുകളുടെയും കാണ്ടാമൃഗങ്ങളുടെയും അസ്ഥികൂടങ്ങള്‍ക്കെല്ലാം ഒപ്പം അണ്ണാന്മാര്‍ ഒളിപ്പിച്ചരീതിയില്‍ കിടന്ന ആ വിത്തുകളുടെ പ്രായം 32,000 വര്‍ഷമാണെന്ന് മനസ്സിലായി. ഇളംവിത്തുകളും മൂപ്പെത്തിയ വിത്തുകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പൊത്തിനകത്തിരുന്നു മുളയ്ക്കാതിരിക്കാന്‍ അണ്ണാന്മാര്‍ തന്നെ മൂപ്പെത്തിയ വിത്തുകള്‍ക്കു പരുക്കേല്‍പിച്ചിരുന്നു. ശാസ്ത്രജ്ഞന്മാര്‍ പരുക്കേല്‍ക്കാത്ത വിത്തുകളില്‍നിന്നു കോശങ്ങള്‍ വേര്‍തിരിച്ചെടുത്തു മുളപ്പിച്ചു.
ഒരുവര്‍ഷത്തിനുശേഷം ചെടിയില്‍ പൂക്കളും കായ്കളും ഉണ്ടായി. ഇന്ന് സൈബീരിയയില്‍ കാണപ്പെടുന്ന ഒരു സസ്യമായ Silene stenophylla ആയിരുന്നു ആ ചെടി. ഇന്നുള്ള Silene stenophylla ചെടിയില്‍ ഉണ്ടാകുന്ന പൂക്കളുടെ ആകൃതിയില്‍നിന്നു വ്യത്യസ്തമായിരുന്നു അവയില്‍ ഉണ്ടായ പൂക്കള്‍. ഒരു ചെടിയില്‍ 32,000 വര്‍ഷങ്ങള്‍ എന്ന നീണ്ട കാലം വരുത്തുന്ന മാറ്റങ്ങള്‍ കൗതുകത്തോടെ ശാസ്ത്രലോകം പഠിച്ചു. ഇത്രയും കാലം ഉറങ്ങിക്കിടന്നിട്ടും മുളയ്ക്കല്‍-ശേഷി നശിക്കാത്ത വിത്തുകള്‍ ഗവേഷകരെ അദ്ഭുതപ്പെടുത്തി. ഇതിനുമുന്‍പു പഴയകാലത്തു നിന്നു ലഭിച്ച വിത്തുകള്‍ മുളപ്പിച്ചതിനു പരമാവധി 2000 വര്‍ഷം മാത്രമായിരുന്നു പ്രായം എന്നോര്‍ക്കുമ്പോഴാണ് ഈ വിത്തുകളുടെ പഴക്കം നമ്മെ അദ്ഭുതപ്പെടുത്തുന്നത്. ഇവയുടെ 60,000 വിത്തുകളും കായ്കളുമാണ് ലഭിച്ചത്. അവയുടെ കലകളില്‍നിന്നു മുളപ്പിച്ച 36 ചെടികള്‍ക്കുണ്ടായ വിത്തുകള്‍ക്ക് 100 ശതമാനമായിരുന്നു മുളയ്ക്കല്‍ശേഷി. ഇന്നുള്ള ഇതേ ചെടിയുടെ വിത്തുകളുടെ മുളയ്ക്കാനുള്ള കഴിവ് 90 ശതമാനമായിരുന്നു. ഈ വ്യത്യാസങ്ങളുടെ കാരണങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട്.
ഭാവിയിലേക്കു വിത്തുകള്‍ കരുതിവയ്ക്കുന്ന പല സ്ഥാപനങ്ങളും അവ സൂക്ഷിച്ചു വയ്ക്കാനുള്ള ഏറ്റവും മികവുറ്റ മാര്‍ഗങ്ങള്‍ ഇന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം. എന്തൊക്കെ സുരക്ഷിതമായ രീതിയില്‍ സൂക്ഷിച്ചാലും പല വിത്തുകളുടെയും മുളയ്ക്കല്‍ശേഷി കാലം ചെല്ലുന്തോറും കുറഞ്ഞാണ് വരുന്നത്. പരീക്ഷണങ്ങളില്‍ ഒപ്പിയം പോപ്പി ചെടിയുടെ വിത്തുകള്‍ 7 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിച്ചത് 160 വര്‍ഷത്തിനുശേഷം മുളച്ചതു വെറും രണ്ടു ശതമാനം മാത്രമാണ് എന്നതെല്ലാം ഈ അവകാശവാദങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരുന്നെങ്കിലും കാര്‍ബണ്‍ കാലനിര്‍ണയം സംശയങ്ങളെ അകറ്റുകയായിരുന്നു.
[ (A) ഇപ്പോള്‍ ഉള്ള ചെടിയുടെ പുവ്, (B)പഴയ വിത്തില്‍ നിന്ന് മുളപ്പിച്ചതില്‍ പെണ്‍പൂക്കള്‍ മാത്രമുണ്ടായ ചെടി, പഴയ വിത്തില്‍ നിന്ന് മുളപ്പിച്ചതില്‍ ഒരേ ചെടിയില്‍ ഉണ്ടായ പെണ്‍ പൂക്കളും (F) ദ്വിലിംഗ പുഷ്പങ്ങളും (B)]
കാലങ്ങളായുള്ള ഗാമ റേഡിയേഷനാണ് വിത്തുകളുടെ മുളയ്ക്കല്‍ശേഷി ഇല്ലാതാകാനുള്ള കാരണങ്ങളില്‍ ഒന്ന്. ഈ വിത്തുകള്‍ കിട്ടിയ സ്ഥലത്ത് അനുഭവപ്പെട്ട ഗാമാ റേഡിയേഷന്‍ താരതമ്യേന കുറവായിരുന്നു. ഇതിനു മുന്‍പേ താമരയുടെ 1300 വര്‍ഷം പഴക്കമുള്ള വിത്തുകളില്‍ ഏറ്റ റേഡിയേഷനു തുല്യം റേഡിയേഷനേ ഇവിടെ 32,000 വര്‍ഷങ്ങള്‍ പിന്നിട്ട വിത്തുകള്‍ക്കും കിട്ടിയിരുന്നുള്ളൂ. ഇത്തരം മറ്റു വിത്തുകളും മുളപ്പിക്കാന്‍ കഴിഞ്ഞാല്‍ പരിണാമപ്രക്രിയ കണ്‍മുന്നില്‍ കാണുന്നതുപോലെ ശാസ്ത്രലോകത്തിനു മനസ്സിലാക്കാന്‍ കഴിയും എന്നതു ശാസ്ത്രകുതുകികളെ ആവേശഭരിതരാക്കിയിരിക്കുകയാണ്. അതുകൂടാതെ എന്നോ വംശനാശം സംഭവിച്ച സസ്യങ്ങളെ തിരികെ കൊണ്ടുവരാനാവുന്നതിനെപ്പറ്റിയെല്ലാം അവര്‍ സ്വപ്നം കാണുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha