ഒഡീഷ സ്വദേശി പല്ലവി ദുരുവ, രാജ്യത്തെ ആദ്യ ഗോത്രസുന്ദരി
രാജ്യത്തെ ആദ്യ ഗോത്ര സുന്ദരിപ്പട്ടം ഒഡീഷ സ്വദേശി പല്ലവി ദുര്വക്ക്. ഒഡീഷയിലെ ഉത്കല്‍ മണ്ഡപത്തില്‍ നടന്ന ആദി റാണി കലിംഗ ഗോത്ര സുന്ദരി മത്സരത്തിലാണ് കൊരാപുത് ജില്ലയില്‍ നിന്നുള്ള പല്ലവി ജേതാവായത്. ടിത്ലഗഡിലെ പഞ്ചമി മാജി, മയൂര്‍ഗഞ്ചിലെ രശ്മിരേഖ ഹന്‍സ്ദ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
പല ഗോത്ര പെണ്‍കുട്ടികള്‍ക്കും തന്നെപ്പോലെ വിദ്യാഭ്യാസം നേടാനോ പുറംലോകത്തേക്ക് സഞ്ചരിക്കാനോ സാധിക്കുന്നില്ല. ഈ കിരീടനേട്ടം തനിക്ക് ഗോത്രസമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പല്ലവി പറഞ്ഞു. വിജയികളായ മൂന്നു പേരെയും മുംബൈ സ്വദേശി നിര്‍മിക്കുന്ന ഹ്രസ്വചിത്രത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
ട്രൈബല്‍ അറ്റയര്‍,ഫേട്ടോജെനിക് ഫേസ്, ബെസ്റ്റ് സ്‌കിന്‍, ബെസ്റ്റ് പേഴ്‌സണാലിറ്റി, ബെസ്റ്റ് പ്രസേന്റഷന്‍ ഓഫ് ഓര്‍ണമെന്റ്‌സ്, ബെസ്റ്റ് പ്രസേന്റഷന്‍ ഓഫ് ഓണ്‍ കള്‍ച്ചര്‍, ബെസ്റ്റ് ഇന്‍ ടാലന്റ് എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. 20 മത്സരാര്‍ഥികളാണ് ഫൈനലില്‍ എത്തിയത്.
എസ്.സി, എസ്.ടി ഡിപ്പാര്‍ട്‌മെന്റ്, ഒഡീഷ സര്‍ക്കാര്‍, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ പരമ്പരാഗത വസ്ത്രങ്ങളിലാണ് മല്‍സരാര്‍ഥികള്‍ റാമ്പിലെത്തിയത്. ഗോത്രകലകളും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിെന്റ ഭാഗമായാണ് സൗന്ദര്യമത്സരം നടത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha