ഒരു ബുള്ളറ്റ് യാത്ര തരപ്പെടുത്താന്‍ എത്തിയതായിരുന്നു മൂര്‍ഖന്‍, പക്ഷേ...
ഊരകം ഓട്ടോ സ്റ്റാന്‍ഡിന് എതിര്‍വശത്തായി തന്റെ ബുള്ളറ്റ് നിര്‍ത്തി വയ്ക്കുമ്പോള്‍, തന്നോട് അനുവാദം പോലും ചോദിക്കാതെ അതിലൊരു റൈഡിന് ആള്‍ വന്നുകയറുമെന്ന് വല്ലച്ചിറ സ്വദേശി ശിവന്‍ നിനച്ചതേയില്ല. സംസ്ഥാന പാതയോരത്ത് നിര്‍ത്തി വച്ചിരുന്ന ബുള്ളറ്റിനുള്ളില്‍ കയറി ഒളിച്ചത് ഒരു മൂര്‍ഖന്‍ പാമ്പായിരുന്നു. ഒടുവില്‍ പാമ്പിനെ പുറത്താക്കാതെ ശിവന് വണ്ടി എടുക്കാനാവില്ലെന്നറിഞ്ഞ നാട്ടുകാര്‍ 'പാമ്പ് വേട്ട'യ്ക്ക് ഒത്തുകൂടി.
ചിതല്‍ ശല്യം ഉണ്ടാകാതിരിക്കുവാനുള്ള ലായനി കുപ്പിയിലാക്കിയെത്തി ബൈക്ക് മുഴുവന്‍ സ്‌പ്രേ ചെയ്തിട്ടും പാമ്പ് പുറത്തു വന്നില്ല. പാമ്പ് ബൈക്കിന്റെ ഉള്ളില്‍ നിന്നും രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ ബൈക്ക് എടുത്തു കൊണ്ടു പോകാം എന്ന് ശിവന്‍ വിചാരിച്ചപ്പോള്‍ പെട്രോള്‍ ടാങ്കിനടിയില്‍ നിന്ന് തല പുറത്തേക്കിട്ട് പാമ്പ് തന്റെ സാന്നിധ്യം അറിയിച്ചു. പിരിഞ്ഞു പോയി തുടങ്ങിയ നാട്ടുകാര്‍ വീണ്ടും ഒത്തു ചേര്‍ന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്കു മാറ്റി ബൈക്കിന് പുറത്തും ഉള്‍വശത്തും മണ്ണെണ്ണ തളിച്ചു. എന്നിട്ടും പാമ്പ് പുറത്തേക്ക് വരാതായതിനെ തുടര്‍ന്ന് ആദ്യം സീറ്റുകള്‍ അഴിച്ചു, പിന്നീട് പെട്രോള്‍ ടാങ്ക്, ഹെഡ്‌ലൈറ്റ് എന്നിവ ഒന്നൊന്നായി അഴിച്ചു. ബൈക്ക് അസ്ഥിപഞ്ചരത്തിന് സമാനമായിട്ടും പാമ്പിനെ കണ്ടില്ല.
ഒടുവില്‍ നീണ്ട ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷം ഹെഡ്‌ലൈറ്റിന്റെ ഉള്ളിലെ വയറിങ് മൂടി ഒളിപ്പിച്ചിരുന്ന ഇന്‍സുലേഷന്‍ ടേപ്പിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പിനെ കണ്ടെത്തി. ടാങ്ക്, സീറ്റ് എന്നിവ അഴിച്ചവരും കൈകൊണ്ട് പാമ്പിനെ തപ്പിയവരും വിറച്ചുപോയി.
പത്തി വിരിച്ചു ചീറി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പായിരുന്നു അത്. ഞെട്ടല്‍ മാറിയ നാട്ടുകാര്‍ പാമ്പിന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പിരിഞ്ഞു പോയപ്പോള്‍ അസ്ഥികൂടത്തിനു സമാനമായ ബൈക്കില്‍ അഴിച്ചുവച്ചത് തിരികെ ഫിറ്റ് ചെയ്യുന്ന തത്രപ്പാടിലായിരുന്നു ശിവന്.
https://www.facebook.com/Malayalivartha