റഷ്യയിലെ പീറ്റേഴ്‌സ്ബര്‍ഗ് തെരുവിലുണ്ട് മലയാളം പറയുന്ന ഒരു 'കല്ലാകാരന്‍'...!
റഷ്യയിലെ ഏറ്റവും വലിയ കാഴ്ച അവിടത്തെ തെരുവുകലാകാരന്മാരാണ്. പലയിനം സംഗീതോപകരണങ്ങളുമായി എല്ലാ വളവിലും തിരിവിലും കാണും ഒരു കച്ചേരി. പീറ്റേഴ്‌സ്ബര്‍ഗ് തെരുവില്‍ പെട്ടെന്ന് മലയാളികളുടെ ശ്രദ്ധയില്‍പ്പെടും ആ ബോര്‍ഡ് 'ക്ലാസസ് ഡി മലബാറിസ്‌മോ കോണ്‍ പിയെദ്രാസ്'. മലബാറോ, റഷ്യയിലോ എന്ന് അദ്ഭുതപ്പെട്ടു ചെന്നു നോക്കുമ്പോള്‍, കല്ലുകളുമായി പ്രകടനം നടത്തുന്ന ഒരു 'കല്ലാകാരനെ' കാണാം. രണ്ടു കിലോ ഭാരമുള്ള മൂന്നു കല്ലുകള്‍ കൊണ്ടാണ് അമ്മാനമാടി കളി.
ഇപ്പോള്‍ അവിടെ ലോകകപ്പ് ഫുട്ബോള്‍ മല്‍സരം നടക്കുന്നത് കൊണ്ട് അതിനായി എത്തിയ ടെലിവിഷന്‍ ചാനലുകാര്‍ അതു ഷൂട്ട് ചെയ്യുന്നു. ആ തിരക്കൊക്കെ കഴിഞ്ഞതിനു ശേഷം അമ്മാനം കല്ലുകാരനോടു കാര്യമെന്താണെന്നു തിരക്കി. എവിടെനിന്നാണെന്നു തിരിച്ചു ചോദ്യം. ഇന്ത്യ എന്നു പറഞ്ഞു. ഇന്ത്യയില്‍ എവിടെ? കേരളം. ഉടനെ വന്നു മലയാളം. ''അലറലോടലറല്‍..''
വാലെന്റിന്‍ സ്മിര്‍നോവ് എന്ന തെരുവു കലാകാരന്‍ ഒരു ബഹുമുഖ പ്രതിഭയാണ്. പത്തിരുപത്തിരണ്ടു ഭാഷകളറിയാം. പിന്നെ വലിയ കല്ലുകള്‍കൊണ്ടുള്ള അമ്മാനമാടലും. ഈ കല്ലും ഭാഷയും വച്ച് വിവിധ രാജ്യക്കാരെ ആകര്‍ഷിക്കും. അവരുമായി സംസാരിച്ചിരിക്കുക എന്നതാണ് ഹോബി. അതിലാണ് വാലെന്റിന്‍ ആനന്ദം കണ്ടെത്തുന്നത്. പണം എന്നത് വാലെന്റിന്റെ ലക്ഷ്യമല്ല. വാലെന്റിന്‍ ഒരു ദന്തഡോക്ടറാണ്. ഉച്ച വരെ അതു ചെയ്യും. വൈകിട്ട് കല്ലുകളുമായി തെരുവിലേക്കിറങ്ങും. എങ്കിലും ഓരോ രാജ്യത്തിന്റെയും കറന്‍സി കിട്ടിയാല്‍ സന്തോഷം. അത് ഓര്‍മയ്ക്കായി ശേഖരിച്ചു വയ്ക്കാമല്ലോ? ഭൂഗോളത്തിന്റെ ആ ഭാഗത്തു നിന്ന് ഒരു കല്ലു കിട്ടിയതുപോലുള്ള സന്തോഷം.
താന്‍ കല്ലുകളിക്കാരനായ കഥ വാലെന്റിന്‍ ഒരു പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരിക്കല്‍ തെരുവില്‍നിന്നു വാലെന്റിന് മൂന്നു കല്ലുകള്‍ കിട്ടുന്നു. വീട്ടിലേക്കു കൊണ്ടുപോയ കല്ലുകള്‍ വാലെന്റിന്‍ കഴുകി, മിനുക്കി, അതില്‍ സ്‌മൈലികള്‍ വരച്ചു ചേര്‍ത്തു. ഓരോന്നിനും പേരിട്ടു, അര്‍ക്കാഡി, ഗെന്നാഡി, യൊളോദ്യ. അര്‍ക്കാഡിയും ഗെന്നാഡിയും ചിരിക്കുന്ന കല്ലുകളാണ്. യൊളോദ്യ എപ്പോഴും സങ്കടപ്പെട്ടിരിക്കുന്നതും. ലോകത്ത് സങ്കടത്തെക്കാളുപരി സന്തോഷം വേണം എന്നാണ് രണ്ടു സന്തോഷക്കല്ലുകളും ഒരു സങ്കടക്കല്ലും കൊണ്ടുള്ള അര്‍ഥം. കുറേ രാജ്യക്കാരെ പരിചയപ്പെട്ടുകഴിഞ്ഞാല്‍ തന്റെ കല്ലുകളുമായി ലോകം ചുറ്റണം എന്നാണ് വാലെന്റൈന്റെ ആഗ്രഹം.
https://www.facebook.com/Malayalivartha