ഷിയായൂ വളര്‍ന്നു കൊണ്ടേ ഇരിക്കയാണ്!
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ലേഷന്‍ സിറ്റിയിലെ പതിനൊന്നുകാരന്‍ ഷിയായൂ വളരുകയാണ്, വളര്‍ന്നുകൊണ്ടിരിക്കുകയാണ്... 2.06 മീറ്റര്‍ ഉയരമുള്ള ഷിയായൂ വൈകാതെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൗമാരക്കാരന്‍ എന്ന റിക്കാര്‍ഡിന് ഉടമയാകും. ആറാം ക്ലാസില്‍ പഠിക്കുന്ന ഷിയായൂവിന് സഹപാഠികളുടെ ഇരട്ടി ഉയരമുണ്ട്.
അപൂര്‍വ്വ വളര്‍ച്ചയായതിനാല്‍ ക്ലാസ് റൂമില്‍ ഇരിക്കാനുള്ള കസേരയും മേശയും പ്രത്യേകം പണിയിപ്പിച്ചിട്ടുണ്ട്. ഉയരക്കൂടുതലുണ്ട് എന്നതൊഴിച്ചാല്‍ ഷിയായൂ മറ്റു കുട്ടികളേപ്പോലെ സാധാരണ കുട്ടിയാണ്. നന്നായി പഠിക്കും, മറ്റു കുട്ടികള്‍ക്കൊപ്പം കായികവിനോദങ്ങളില്‍ ഏര്‍പ്പെടും.
കുട്ടിയുടെ അനിയന്ത്രിത വളര്‍ച്ച ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കുട്ടിയുമായി ആശുപത്രിയില്‍ ചെന്നെങ്കിലും പരിശോധനയില്‍ അകാരണമായി ഒന്നും കണ്ടില്ല. പാരമ്പര്യമായി ഉയരമുള്ള കൂട്ടത്തിലാണ് ഷിയായൂവിന്റെ കുടുംബം. അതുകൊണ്ടുതന്നെ ഉയരക്കൂടുതലില്‍ പേടിക്കാനില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാതാപിതാക്കള്‍ക്ക് 1.9 മീറ്റര്‍, 1.8 മീറ്റര്‍ എന്നിങ്ങനെയാണ് ഉയരം. മുത്തച്ഛനും മുത്തശ്ശിയും യഥാക്രമം 1.9 മീറ്റര്‍, 1.75 മീറ്റര്‍ ഉയരമുള്ളവരാണ്.
ബെയ്ജിംഗിലെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സ് കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൗമാരക്കാരന്റെ ഉയരം 215.9 സെന്റീമീറ്ററാണ്. 11 വയസില്‍ 206 സെന്റീമീറ്റര്‍ ഉയരമുള്ള ഷിയായൂവിന് വൈകാതെതന്നെ റിക്കാര്‍ഡ് നേടാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha