സ്പിക്‌സ് മക്കാവുകള്‍ വീണ്ടും ബ്രസീലിലേക്ക്
പ്രത്യേക സുരക്ഷയില്‍ പരിപാലിക്കുന്ന 50 സ്പിക്‌സ് മക്കാവുകളെ ബ്രസീലില്‍ എത്തിക്കും. ബ്രസീലിയന്‍ പരിസ്ഥിതി മന്ത്രി എഡ്‌സണ്‍ ഡുവാര്‍ട്ടി ബ്രസല്‍സില്‍ നടന്ന യോഗത്തില്‍ ജര്‍നിയും ബെല്‍ജിയവുമായി ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ആടുത്ത വര്‍ഷം ആദ്യ ത്രൈമാസത്തില്‍ ഈ പക്ഷികളെ ബ്രസീലിലേക്ക് എത്തിക്കും.
വടക്കുകിഴക്കന്‍ ബ്രസീലില്‍ കണ്ടുവന്നിരുന്ന സ്പിക്‌സ് മക്കാവുകളെ 1990-ന് ശേഷം സ്വാഭാവിക ആവാസവ്യവസ്ഥയില്‍ കണ്ടിട്ടില്ലെന്ന് അസോസിയേഷന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് ത്രെട്ടന്‍ഡ് പാരറ്റസ് (എസിടിപി) പറയുന്നു. വംശനാശത്തിനടുത്തെത്തിയിരിക്കുന്ന ഇവ നിലവില്‍ പ്രത്യേക സംരക്ഷണയില്‍ മാത്രമാണുള്ളത്. ഇടത്തരം വലുപ്പമുള്ള ഈ തത്തകള്‍ക്ക് പ്രത്യേകതരം നീല നിറമാണ്.
ബ്രസീലിലെ 72 ഏക്കര്‍ സ്ഥലത്തുള്ള പ്രത്യേക സംരക്ഷണകേന്ദ്രത്തിലെത്തിക്കുന്ന പക്ഷികളെ 2021 ആകുമ്പോഴേക്കും പ്രകൃതിയിലേക്ക് തുറന്നുവിടാനാണ് തീരുമാനം. പ്രത്യേക സംരക്ഷണത്തില്‍ പ്രജനനം നടത്താനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി 2012-ല്‍ 79 ആയിരുന്ന സ്പിക്‌സുകളുടെ എണ്ണം ഈ വര്‍ഷം 158 ആയി ഉയര്‍ന്നിട്ടുണ്ട്. ആവാസവ്യവസ്ഥ നശിച്ചതും വേട്ടയാടലും കള്ളക്കടത്തുമാണ് ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചത്.
https://www.facebook.com/Malayalivartha