വേദനയോടെ മണിയാര്‍ ബോയ്‌സ് പറയുന്നു, ഇവിടെ വേസ്റ്റ് ഇടുന്നവര്‍ മുടിഞ്ഞ് പണ്ടാരം അടങ്ങിപ്പോണേ...!
പറഞ്ഞുനോക്കി, മാലിന്യം തള്ളിയിട്ടു പോകുന്നവരെ തടഞ്ഞു നിര്‍ത്തി നോക്കി. അങ്ങനെ സാമം, ദാനം, ഭേദം എന്നു പറയുന്നത് പോലെ സമസ്ത മാര്‍ഗങ്ങളും നോക്കി! എന്നിട്ടും എന്തുകാര്യം, വഴിയരികിലെ മാലിന്യം തള്ളല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ സഹികെട്ട സീതത്തോട് മണിയാറിലെ യുവാക്കള്‍ പുതിയൊരാശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ്.
ഏതാനം ദിവസം മുന്‍പാണ് അരീക്കക്കാവ് തടി ഡിപ്പോയ്ക്കു സമീപം വ്യത്യസ്തമായ ഒരു ഫ്‌ലെക്‌സ് പ്രത്യക്ഷപ്പെട്ടത്. ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങളോടു കൂടിയ ഫ്‌ലെക്‌സിലെ വാക്കുകള്‍ ഇപ്രകാരമാണ്...
'ഇവിടെ മാലിന്യം ഇടുന്നവര്‍ ആറു മാസത്തിനുള്ളില്‍ മുടിഞ്ഞ് പണ്ടാരം അടങ്ങിപ്പോണേ... വേദനയോടെ: മണിയാര്‍ ബോയ്‌സ്.' വഴിനീളെ മാലിന്യം ഉപേക്ഷിക്കുന്നത് പതിവായതോടെയാണ് സ്ഥലത്തെ ചെറുപ്പക്കാര്‍ ഒത്തുകൂടിയത്. ഇതുകൊണ്ടും കാര്യമില്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്കു പോയാല്‍ മതിയെന്നാണ് മുതിര്‍ന്നവരുടെ മുന്നറിയിപ്പ്.
പടയനിപ്പാറ മുതല്‍ അരീക്കക്കാവ് തടി ഡിപ്പോയ്ക്കു സമീപം വരെ റോഡ് നീളെ മാലിന്യ കൂമ്പാരമാണ്. ഒട്ടേറെ തവണ മുന്നറിയിപ്പു നല്‍കിയിട്ടും ഒരു മാറ്റവും ഇല്ല. പ്ലാസ്റ്റിക് കവറിലും ചാക്കിലുമാക്കി കൊണ്ടുവരുന്ന മാലിന്യങ്ങള്‍ റോഡിന്റെ വക്കില്‍ ഉപേക്ഷിച്ചിട്ടു പോകുകയാണ് പതിവ്.
ഈ പാതയില്‍ കുറെ ഭാഗത്ത് ജനവാസം കുറവാണ്. ഇതു മുതലെടുത്താണ് മാലിന്യം തള്ളുന്നതെന്ന് സ്ഥലവാസികള്‍ പറയുന്നു. ദൂര സ്ഥലങ്ങളില്‍ നിന്നുള്ള ശുചിമുറി മാലിന്യവും ഇവിടെ തള്ളാറുണ്ട്. വടശേരിക്കര പഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ട ഈ പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha