ഭൂത-പ്രേതാദികളെ പേടിച്ച് ശ്മശാനത്തിന്റെ അറ്റകുറ്റപ്പണിയ്ക്ക് തൊഴിലാളികളെ കിട്ടാത്ത അവസ്ഥ മാറ്റാന്‍ ടിഡിപി എം എല്‍ എയുടെ വേറിട്ട സമരം, എം എല്‍ എ ശ്മശാനത്തില്‍ കിടന്നുറങ്ങി!
കഴിഞ്ഞയാഴ്ച ആന്ധാപ്രദേശില്‍ വെസ്റ്റ് ഗോദാവരി ജില്ലയിലെ പലാകോലെയിലായില്‍ വേറിട്ടൊരു സമരം നടന്നു.പ്രേതബാധയുണ്ടെന്ന പേടിയില്‍ ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധിച്ച് ടിഡിപി എം എല്‍ എ രാമ നായിഡുവാണ് വേറിട്ട പ്രതിഷേധം നടത്തി ശ്രദ്ധേയനായത്. പ്രേതം ഉണ്ടെന്ന പേടിയില്‍ തൊഴിലാളികള്‍ ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുക്കാത്തതിനെ തുടര്‍ന്നാണ് നിമ്മല രാമ ശ്മശാനത്തില്‍ അന്തിയുറങ്ങാന്‍ തീരുമാനമെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം ശ്മശാനത്തിലെത്തിയ നിമ്മല രാമ അത്താഴം കഴിച്ചതും ഇവിടെയിരുന്നായിരുന്നു. പിന്നീട് ഒരുപുതപ്പ് ദേഹത്തിലൂടെ വലിച്ചിട്ട് അവിടെ കിടന്നുറങ്ങി.
രാവിലെ അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെങ്കിലും ശ്മശാന ജോലികള്‍ നിരീക്ഷിക്കാന്‍ വൈകുന്നേരം തിരികെ എത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടാണ് പോയത്. അടുത്ത രണ്ടു മൂന്നു ദിവസത്തേക്ക് ഇവിടെത്തന്നെ അന്തിയുറങ്ങാനാണ് കക്ഷിയുടെ പരിപാടി. ' വരുന്ന രണ്ടു മൂന്നു ദിവസം ഇവിടെത്തന്നെയാവും ഉറക്കം. തൊഴിലാളികള്‍ക്ക് ധൈര്യം പകരാന്‍ ഇതിലൂടെ സാധിക്കും. അതല്ലെങ്കില്‍ പേടിച്ച് അവര്‍ ശ്മശാനത്തിലേക്ക് പ്രവേശിക്കില്ല' നിമ്മല രാമ പറഞ്ഞു.
നിമ്മല രാമയുടെ മണ്ഡലത്തിലെ ശ്മശാനത്തിന്റെ പുനരുദ്ധാരണ പണികള്‍ക്കായി ഒരു വര്‍ഷം മുമ്പ് മൂന്നു കോടി രൂപ അനുവദിച്ചിരുന്നതാണ്. എന്നാല്‍ നടപടികള്‍ മുന്നോട്ടു നീങ്ങിയല്ല. ശ്മശാനത്തില്‍ എല്ലാ ദിവസവും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടുവരും. പകുതിവെന്ത മൃതദേഹാവശിഷ്ടങ്ങള്‍ പലതും കുഴിച്ചിടുകയാണ് ചെയ്യുന്നത്. ശരിയായി സംസ്‌കാരം നടക്കാത്തതിനാല്‍ ആത്മാക്കള്‍ തങ്ങളെ ഉപദ്രവിച്ചേക്കുമെന്ന പേടിയിലാണ് തൊഴിലാളികള്‍ ശ്മശാന പണിക്ക് എത്താതിരുന്നത്. ആത്മാക്കളില്ലെന്നും പേടിക്കേണ്ടതില്ലെന്നും തൊഴിലാളികളെ ബോധ്യപ്പെടുത്താനായിരുന്നു എംഎല്‍എയുടെ ചുടലപ്പുരയിലെ അന്തിയുറക്കം.
എംഎല്‍എയുടെ വേറിട്ട ദൗത്യം ഫലം കണ്ടിരിക്കുകയാണ്. രാത്രി മുഴുവനും ശ്മശാനത്തില്‍ ഉറങ്ങിയതോടെ തൊഴിലാളികള്‍ പണി ചെയ്യാന്‍ തയാറായി മുന്നോട്ടുവന്നുതുടങ്ങിയതായി നിമ്മല രാമ പറഞ്ഞു. ശനിയാഴ്ച 50 തൊഴിലാളികളാണ് എത്തിയത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തിത്തുടങ്ങുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
എന്നാല്‍ ചുടലപ്പറമ്പിലെ അന്തിയുറക്കം എംഎല്‍എയ്ക്കു അത്ര സുഖകരമല്ലായിരുന്നു എന്നതാണ് സത്യം. ചില ഉപദ്രവങ്ങള്‍ അദ്ദേഹം നേരിട്ടു. രാത്രിയില്‍ പലപ്പോഴും എണീറ്റിരിക്കേണ്ടിവന്നു. അടുത്ത ദിവസം ഈ ഉപദ്രവങ്ങളെ മറികടക്കാന്‍ നല്ലയൊന്നാന്തരം കൊതുകുവലയുമായാണ് ഞായറാഴ്ച രാത്രിയില്‍ നിമ്മല രാമ ശ്മശാനത്തില്‍ എത്തിയത്.
https://www.facebook.com/Malayalivartha