തെലുങ്കാനയില്‍ ഡോണാള്‍ഡ് ട്രംപിനു വേണ്ടി ക്ഷേത്രം നിര്‍മിക്കാന്‍ ഒരു ആരാധകന് ഒരുങ്ങുന്നു
ഇന്ത്യയില്‍ നിന്നുമൊരാള് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനു വേണ്ടി ക്ഷേത്രം നിര്മിക്കുവാനൊരുങ്ങുന്നു. തെലുങ്കാനയിലെ കുഗ്രാമമായ കോന്നിയിലുള്ള ബുസ്സാ കൃഷ്ണ എന്ന മുപ്പത്തിയൊന്നുകാരനാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ചിത്രം വീട്ടില്‍ സ്ഥാപിച്ച് ദിവസം മുഴുവന്‍ പൂജ ചെയ്യുന്നത്. പൂക്കളും മഞ്ഞളും സിന്ദൂരവുമെല്ലാം അദ്ദേഹം പൂജയ്ക്കായി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല താന്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹം ട്രംപിന്റെ ചിത്രവും കൊണ്ടുപോകാറുണ്ട്. അസാധാരണമായ ഈ ഭക്തികണ്ട് ബന്ധുക്കളും സുഹൃത്തുക്കളും കൃഷ്ണയ്ക്ക് ഭ്രാന്താണെന്നാണ് പറയുന്നത്. ട്രംപിന്റെ പ്രതിഷ്ഠ സ്ഥാപിച്ച് ഒരു ക്ഷേത്രം നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് കൃഷ്ണ ഇപ്പോള്‍.
ട്രംപിനോടുള്ള ഭക്തി മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതാണെന്നാണ് കൃഷ്ണ അവകാശപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുഎസില്‍ തെലുങ്കാന സ്വദേശിയായ ഒരു സോഫറ്റ് വെയര്‍ എന്‍ജിനിയര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മാനസികമായി വളരെയധികം വേദന അനുഭവിച്ച കൃഷ്ണ ഇന്ത്യന്‍ ജനതയ്ക്ക് ട്രംപിനോടും അദ്ദേഹത്തിന്റെ ജനങ്ങളോടുമുള്ള സ്നേഹവും വിശ്വാസവും പ്രാര്‍ഥനയില്‍ കൂടി അദ്ദേഹത്തെ അറിയിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു
എന്നെങ്കിലുമൊരിക്കല്‍ തന്റെ പ്രാര്‍ത്ഥന അവരിലെത്തുമെന്നാണ് തന്റെ വിശ്വാസമെന്ന് പറയുന്ന കൃഷ്ണ, ഇന്ത്യക്കാര്‍ക്ക് മറ്റു രാജ്യങ്ങളിലുള്ളവരെക്കാള്‍ ആത്മീയ ശക്തിയുണ്ടെന്നും പറയുന്നു. കൃഷ്ണയുടെ ഭ്രാന്തമായ ചിന്താഗതിയെ തുടര്‍ന്ന് മാതാപിതാക്കള്‍ മറ്റൊരു വീട്ടിലേക്കു താമസം മാറിയിരിക്കുകയാണ്. കൃഷ്ണയ്ക്ക് ശരിക്കും ഭ്രാന്താണെന്നാണ് അയല്‍ വാസികള്‍ എല്ലാം പറയുന്നത്.
ആറുമാസത്തിനുള്ളില്‍ താന്‍ ട്രംപിനു വേണ്ടി ക്ഷേത്രം നിര്‍മിക്കുമെന്ന് കൃഷ്ണ ഉറപ്പിച്ചു പറയുന്നു. ട്രംപിനെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ നയങ്ങളെക്കുറിച്ചും യാതൊന്നും അറിവില്ലാത്ത കൃഷ്ണ, ട്രംപിനെ ഒരിക്കല്‍ വേള്‍ഡ് റസ്ലിംഗ് മത്സര വേദിയില്‍ കണ്ടിരുന്നു. അതിനാല്‍ ട്രംപ് ഒരു ശക്തിമാനാണെന്നു ഉറച്ചു വിശ്വസിക്കുകയും അത് എല്ലാവരോടും പറയുകയും ചെയ്യുന്നു. താന്‍ ട്രംപിനെ ആരാധിക്കുന്നതിന്റെ ചിത്രങ്ങളും മറ്റും ഫേസ്ബുക്ക് പേജിലൂടെ കൃഷ്ണ പങ്കുവെയ്ക്കുന്നുണ്ട്. ട്രംപ് ഫേസ്ബുക്കില്‍ തനിക്ക് സന്ദേശം അയച്ചുവെന്നും. ഇന്ത്യയില്‍ വരുമ്പോള്‍ അദ്ദേഹം തന്നെ ഓര്‍ക്കുമെന്നും അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയില്‍ ഓരോ ദിനങ്ങളും മുമ്പോട്ടു തള്ളി നീക്കുകയാണ് ബുസ്സാ കൃഷ്ണ.
https://www.facebook.com/Malayalivartha