സൂര്യൻ ചൂടിലാണ്...ഇനിയും ചൂട് കൂടും തരംഗമായി 'ഫേസ്‌കിനി'
ലോകത്തു താപനില ഉയരുകയാണ് . യു.എസ്, യൂറോപ്പ്, ഏഷ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത് . ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത ചൂട് മൂലം ആളുകൾ ദുരിതമനുഭവിക്കുകയാണ് യു.എ.ഇ.യും കത്തുന്ന കൊടും ചൂടിലേക്ക് കടന്നിരിക്കുകയാണ് . ഈ വേനൽക്കാലത്ത് ആദ്യമായി താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. ... ലോകത്തിന്റെ പല ഭാഗങ്ങളിലും കാട്ടുതീയും പടർന്നുപിടിക്കുന്നു. ആഗോള താപനത്തിന്റെ ഫലമായ ഉഷ്ണതരംഗം ലോകത്തെ പൊള്ളിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അതേസമയം ചില സ്ഥലങ്ങൾ കനത്ത മഴയെ തുടർന്ന് പ്രളയഭീഷണയിലുമാണ്
സിസിലിയിലും സർദിനിയയിലും ചൂട് 48 ഡിഗ്രി സെൽഷ്യസിലെത്തി. പ്രധാന വിനോദ നഗരങ്ങളായ ഏഥൻസ്, റൊമാനിയ, സ്പെയിൻ എന്നിവിടങ്ങളിലും ചൂടിന് കുറവില്ല... തെക്ക്, പടിഞ്ഞാറൻ അമേരിക്കയിൽ എട്ട് കോടി ജനങ്ങളെയാണ് ഉഷ്ണതരംഗം ബാധിച്ചിരിക്കുന്നത്.
ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത ചൂടാണ് ഇറ്റലിയിൽ അനുഭവപ്പെടുന്നത്. റോം, ബൊളൊഗ്ന അടക്കം 16 നഗരങ്ങളിൽ ആരോഗ്യവകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് . റോമിലെ ചൂട് 40 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തി എന്നാണു റിപ്പോർട്ടുകൾ
ചൈനയില്‍ ഇപ്പോള്‍ ചുട്ടുപൊള്ളുന്ന ചൂടാണ്. കുറച്ച് നേരം ശക്തമായ വെയിലേറ്റാൽ തന്നെ മുഖത്ത് സൺ ടാൻ അല്ലെങ്കിൽ കരിവാളിപ്പ് കാണാം. ഇതൊഴിവാക്കാൻ സൺസ്ക്രീനുകളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ സൺസ്ക്രീനിനും ഒരുപരിധി ഉണ്ടല്ലോ .. ബീജിങ് അടക്കമുള്ള നഗരങ്ങളിൽ ജനങ്ങൾ ചൂട് അതിജീവിക്കാൻ പല മാര്‍ഗങ്ങൾ സ്വീകരിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും ജനപ്രിയമായി മാറിയിരിക്കുകയാണ് 'ഫേസ്‌കിനി' മുഖംമൂടികള്‍.
അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ ശേഷിയുള്ള തുണിയിൽ നിർമ്മിച്ച മുഖവും തലയും മുഴുവനായി മൂടുന്ന പ്രത്യേക തരം മുഖംമൂടികളാണ് 'ഫേസ്‌കിനി'. ധരിക്കുന്നയാളുടെ കണ്ണുകളുടെയും മൂക്കിന്റെയും സ്ഥാനത്ത് മാത്രമാണ് ദ്വാരങ്ങൾ ഉണ്ടാവുക. കൈകള്‍ മറയ്ക്കാന്‍ പ്രത്യേക സ്ലീവ്, അള്‍ട്രാവയലറ്റ് പ്രതിരോധശേഷിയുള്ള തുണി കൊണ്ട് നിര്‍മിച്ച വീതിയേറിയ തൊപ്പികള്‍, ഭാരം കുറഞ്ഞ ജാക്കറ്റുകള്‍ എന്നിവയും 'ഫേസ്‌കിനി' യുടെ പ്രത്യേകതകളാണ്.
അന്തരീക്ഷ ഊഷ്മാവ് 35C (95F) ന് മുകളില്‍ ഉയരുകയും ഭൂതല താപനില 80C വരെ ഉയരുകയും ചെയ്തതോടെയാണ് ജനങ്ങള്‍ 'ഫേസ്‌കിനി'യിലേക്ക് തിരിഞ്ഞത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പോര്‍ട്ടബിള്‍ ഫാനുകള്‍ ചുമന്ന് നടക്കുന്ന ആളുകൾ പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു. പൊള്ളലേല്‍ക്കാതിരിക്കാന്‍ സ്വയം മൂടി നില്‍കുന്ന ആളുകളെയും കാണാം. ചില തൊപ്പികള്‍ക്ക് ആരാധകര്‍ പോലും ഉണ്ട്.
ഫേസ്‌കിനി എന്ന ആശയം ചൈനയില്‍ പുതിയതല്ല. പ്രത്യേകിച്ചും ബീച്ചുകള്‍ക്ക് പേരുകേട്ട വടക്കുകിഴക്കന്‍ നഗരമായ ക്വിംഗ്ദാവോയില്‍ ഇത് വര്‍ഷങ്ങളായി ജനപ്രിയമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാൽ കോവിഡിന് ശേഷം ഇവയ്ക്ക് പ്രചാരം കൂട്ടി. ''മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ വില്‍പ്പനയുണ്ട്. വര്‍ഷംതോറും കടകളിലെ വില്‍പ്പന 30 ശതമാനം വര്‍ധിക്കുന്നുണ്ട്,'' ഫേസ്‌കിനി വില്‍പ്പനക്കാര്‍ പറയുന്നു. കഠിനമായ ചൂടില്‍ ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്കയാണ് ഫേസ്‌കിനി ധരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണം. സൂര്യാഘാതം ഏൽക്കുന്നത് ഒഴിവാക്കുക, തൊലി നിറം വെളുത്തതായി നിലനിർത്തുക എന്നിവയെല്ലാം മറ്റ് കാരണങ്ങളാണ്.
ആഗോള താപനത്തിന്റെ ഫലമായി ചൂട് ഇനിയും കുത്തനെ ഉയരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഫേസ്കിനികൾക്ക് ഡിമാൻഡ് ഏറുകയാണ്. ചൈനയിൽ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയ പ്രദേശങ്ങളിലെല്ലാം ഫേസ്കിനികൾക്ക് ആവശ്യക്കാർ ഏറിയിരിക്കുകയാണ്. വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള ഫേസ്കിനികൾ വിപണിയിൽ വ്യാപകമാവുന്നുണ്ട്.
ഫേസ്കിനികൾക്ക് പുറമേ ചൂടിനെ പ്രതിരോധിക്കുന്ന ശരീരം മൂടുന്ന വസ്ത്രങ്ങളും ജാക്കറ്റുകളും ഫാഷൻ ലോകത്ത് തരംഗമാകുന്നുണ്ട്. എവിടെയും കൊണ്ടുനടക്കാനാകുന്ന ചെറുഫാനുകളും വ്യാപകമാവുകയാണ്. കുഞ്ഞൻ ഫാനുകൾ ഘടിപ്പിച്ച തൊപ്പികൾ പോലും ലഭ്യമാണ്.
https://www.facebook.com/Malayalivartha