ഇതിനേക്കാള്‍ ഭേദം മഴയായിരുന്നു... കരീബിയന്‍ പേമാരിയില്‍ ടീം ഇന്ത്യ ഒഴുകിപ്പോയി; ഇന്ത്യയുടെ വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ക്ക് കരീബിയന്‍ ഇടിവെട്ടും നാണക്കേടും
ആരാധകര്‍ സഹികെട്ട് പറയുകയാണ് ഇതിനേക്കാള്‍ ഭേദം മഴയായിരുന്നു എന്ന്. അത്രക്ക് നിരാശയുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ പരാജയപ്പെട്ട ടീം ഇന്ത്യയെ ആരാധകര്‍ കൂകിവിളിച്ചു. മഴയും വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ പ്രതിഫല പ്രശ്‌നവും കാരണം അനിശ്ചിതത്വത്തിലായിരുന്നു മത്സരം. എന്നാല്‍ മഴ മാറി വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങിയപ്പോള്‍ അതൊരു കരീബിയന്‍ പേമാരിയായി മാറി.
ഇന്ത്യ ഇത്രയ്ക്ക് ദയനീയമായി അടുത്തകാലത്തൊന്നും പരാജയപ്പെട്ടിട്ടില്ല. 322 റണ്‍സായിരുന്നു ഇന്ത്യക്ക് വിജയലക്ഷ്യം. എന്നാല്‍ അത് പിന്തുടരുന്നതില്‍ വിജയിച്ചില്ല. ആദ്യ നിര ബാറ്റ്‌സ്മാന്‍മാരെല്ലാം വന്നതു പോലെ തിരിച്ചു പോയി. ഇന്ത്യയുടെ ഒരു ബാറ്റ്‌സ്മാന്‍മാര്‍ക്കും തിളങ്ങാനായില്ല. 124 റണ്‍സിനാണ് ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുത്തിയത്.
വിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ ഒമ്പത് ഓവര്‍ ബാക്കിനില്‍ക്കെ 197 റണ്‍സിന് ഓള്‍ ഔട്ടായി. ബാറ്റിംഗിനെ പിന്തുണച്ച പിച്ചില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു.
68 റണ്‍സ് എടുത്ത ശിഖര്‍ ധവാന് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായുള്ളു. 33 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. വിരാഡ് കോഹലി (2) സുരേഷ്‌റെയ്‌ന (0), എം. എസ്. ധോണി(8) എന്നിവര്‍ക്ക് രണ്ടക്കം കടക്കാനായില്ല. അജിങ്ക്യ രഹാനെ 24 റണ്‍സ് എടുത്തു. വാലറ്റത്ത് 19 റണ്‍സ് നേടിയ മുഹമ്മദ് ഷാമിക്കൊപ്പം 33 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ തകര്‍ച്ചയുടെ ആഴം കുറച്ചത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. സെഞ്ചുറി നേടിയ മര്‍ലോണ്‍ സാമുവല്‍സിന്റെ മികവിലാണ് വിന്‍ഡീസ് മികച്ച സ്‌കോറിലെത്തിയത്. 116 പന്തില്‍ 11 ഫോറും നാലു സിക്‌സറുമടക്കം 126 റണ്‍സുമായി സാമുവല്‍സ് പുറത്താകാതെ നിന്നു.
ബാറ്റിംഗിനെ അകമഴിഞ്ഞു പിന്തുണച്ച കൊച്ചി നെഹ്്‌റു സ്റ്റേഡിയത്തിലെ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 31 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍ ബ്രാവോയെ നഷ്ടമായി. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഒരുമിച്ച ഡ്വയ്ന്‍ ബ്രാവോയും ഡ്വയ്ന്‍ സ്മിത്തും ചേര്‍ന്ന് വിന്‍ഡീസ് ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോയി.
സ്‌കോര്‍ 98-ല്‍ നില്‌ക്കെ 46 റണ്‍സെടുത്ത സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സാമുവല്‍സും ദിനേഷ് റാംദിനും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. 59 പന്തില്‍ അഞ്ചു ഫോറുകളും രണ്ടു സിക്‌സറുമടക്കം 61 റണ്‍സെടുത്ത റാംദിന്‍ സാമുവല്‍സിന് മികച്ച പിന്തുണ നല്കി.
ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 165 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സാമുവല്‍സ് ഇന്ത്യക്കെതിരായ തന്റെ രാണ്ടാമത്തെ സെഞ്ചുറിയും പൂര്‍ത്തിയാക്കി.
ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷാമി നാലും രവീന്ദ്ര ജഡേജ, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കൊച്ചി സ്റ്റേഡിയത്തിലെ എക്കാലത്തേയും മികച്ച സ്‌കോറാണ് വിന്‍ഡീസ് കുറിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha