സ്വന്തം കഴിവില് വിശ്വസിക്കണം, തന്നെ കളിപഠിപ്പിച്ചത് ദ്രാവിഡെന്ന് കെവിന് പീറ്റേഴ്സണ്
തന്നെ കളിപഠിപ്പിച്ചത് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് ആയിരുന്നെന്ന്
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍. അടുത്തിടെ പുറത്തിറക്കിയ കെ പി എന്ന ആത്മകഥയിലാണ് പീറ്റേഴ്‌സണ്‍ ഈ വിവരം വെളിപ്പെടുത്തിയത്. സ്പിന്‍ ബൗളിംഗിനെ നേരിടുന്നത് തനിക്ക് എന്നും ഏറെ പ്രയാസകരമായ കാര്യമായിരുന്നു. ഇതിന് പരിഹാരം തേടി താന്‍ രാഹുലിന് ഒരു ഇമെയില്‍ അയച്ചു.
സ്പിന്‍ ബൗളിംഗിനെ നേരിടുമ്പോള്‍ ആവശ്യമായ തയ്യാറെടുപ്പുകളെക്കുറിച്ച് ദ്രാവിഡ് വിശദമായിത്തന്നെ എനിക്ക് മറുപടി അയച്ചു. ഇത് എന്റെ കളിയെത്തന്നെ മാറ്റിമറിച്ചു. ഇതിനുശേഷമാണ് ഞാന്‍ സ്പിന്‍ ബൗളിംഗിനെ ഫലപ്രദമായി നേരിടാന്‍ തുടങ്ങിയതെന്നും പീറ്റേഴ്‌സണ്‍ പറയുന്നു.
പേസര്‍മാരെ അനായാസം നേരിടുന്ന പീറ്റേഴ്‌സണ്‍ സ്പിന്നര്‍മാര്‍ക്കെതിരെ പതറുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. ഈ സൗഹൃദമാണ് സഹായം തേടി ഇമെയില്‍ അയയ്ക്കാന്‍ പീറ്റേഴ്‌സണെ പ്രേരിപ്പിച്ചത്.
ദ്രാവിഡിന്റെ ഉപദേശം തന്റെ കളി ഏറെ മെച്ചപ്പെടുത്താന്‍ സഹായകമായതായും പീറ്റേഴ്‌സണ്‍ പറയുന്നു. അന്ന് ദ്രാവിഡ് അയച്ച ഇമെയില്‍ തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. സ്വന്തം കഴിവില്‍ വിശ്വസിക്കണമെന്നതായിരുന്നു ദ്രാവിഡിന്റെ പ്രധാന ഉപദേശം. നെറ്റ്‌സില്‍ പരിശീലിക്കുമ്പോള്‍ പാഡ് ഒഴിവാക്കാനും ദ്രാവിഡ് നിര്‍ദ്ദേശിച്ചു. ഇത് ബാറ്റിന്റെ ഉപയോഗം വര്‍ദ്ധിക്കാനും സ്പിന്നിനെ ഫലപ്രദമായി നേരിടാനും സഹായകമായതായി പീറ്റേഴ്‌സണ്‍ പറയുന്നു. 2010 മെയ്ജൂണ്‍ മാസങ്ങളില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പീറ്റേഴ്‌സണ്‍ തുടര്‍ച്ചയായി ഷാക്കിബ് അല്‍ ഹസന്റെ ബൗളിംഗിന് മുന്നില്‍ പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കെ പി എന്നറിയപ്പെടുന്ന പീറ്റേഴ്‌സണ്‍ ക്രിക്കറ്റിലെ വന്‍മതിലിന്റെ സഹായം തേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha