സച്ചിനെ ഞാന്‍ പിറകെ നടന്നു പ്രണയിക്കുക ആയിരുന്നുവെന്ന് അഞ്ജലി
ലജ്ജാലുവായ 17കാരന്‍ പയ്യനെ പിറകേ നടന്ന് പ്രണയിക്കുകയായിരുന്നു ഞാന്‍\'..... പറയുന്നത് ആരുമല്ല ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഭാര്യ അഞ്ജലി. സച്ചിന്റെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേയുടെ പ്രകാശന ചടങ്ങിലാണ് അഞ്ജലി തന്റെ പ്രണയരഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്. സച്ചിനോട് തനിക്ക് പ്രണയം തോന്നുന്നത് എയര്‍പോര്‍ട്ടില്‍ വെച്ചാണ്. സുഹൃത്തിനൊപ്പം അമ്മയെ പിക്ക് ചെയ്യാന്‍ വന്നതായിരുന്നു ഞാന്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുതബാലനായ സച്ചിനാണ് ആ പോകുന്നതെന്ന് തന്റെ സുഹൃത്താണ് തന്നോട് പറഞ്ഞത്.
സച്ചിനെ കണ്ട നിമിഷത്തില്‍ അമ്മയെ മറന്ന് സച്ചിന്‍... സച്ചിന്‍ എന്ന് വിളിച്ച് കൂവിക്കൊണ്ട് ഞാന്‍ സച്ചിന്റെ പിറകേ ഓടി. പക്ഷേ സച്ചിനെന്ന 17കാരന്‍ ലജ്ജ കാരണം തല ഉയര്‍ത്തി തന്നെ നോക്കാന്‍ കൂട്ടാക്കിയില്ല.സച്ചിന്റെ ആ മുഖം കണ്ടപ്പോള്‍ തനിക്ക് ക്യൂട്ട്‌നെസ് തോന്നിയെന്നും അഞ്ജലി പറഞ്ഞു. സച്ചിനോടുള്ള പ്രണയം മൂലം സച്ചിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ വിളിച്ചു. താന്‍ അഞ്ജലിയാണന്നും എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടിരുന്നവെന്നും പറഞ്ഞു. അഞ്ജലിയെ ഓര്‍ക്കുന്നുണ്ടെന്ന് സച്ചിന്‍ ഫോണിലൂടെ മറുപടി പറഞ്ഞു. താന്‍ ഏത് കളര്‍ ഡ്രസാണ് ധരിച്ചതെന്ന് ചോദിച്ചപ്പോള്‍ ഓറഞ്ച് കളര്‍ ടീഷര്‍ട്ടായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞതായും അഞ്ജലി വെളിപ്പെടുത്തുന്നു.
എയര്‍പോര്‍ട്ടില്‍ വച്ച് കാണുന്നതിന് മുമ്പ് സച്ചിനെ താന്‍ രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്. അന്നൊന്നും ക്രിക്കറ്റില്‍ താല്‍പര്യമില്ലാത്തിനാല്‍ അത്ര ശ്രദ്ധിച്ചിട്ടില്ല. സച്ചിന്‍ ക്രിക്കറ്റില്‍ താരമായി തിളങ്ങുമ്പോള്‍ താന്‍ ഇംഗ്ലണ്ടിലായിരുന്നു. അന്ന് ഇന്ത്യന്‍ ടീം കളിക്കുമ്പോള്‍ ഡാഡി വിളിക്കാറുണ്ടായിരുന്നു. സെഞ്ച്വറി നേടിയ സച്ചിനെ കാണാന്‍ ഡാഡിക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് സച്ചിനെ കാണാനും ക്രിക്കറ്റിലും താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു. അന്ന് താന്‍ സച്ചിനെ കണ്ടിരുന്നുവെങ്കില്‍ സച്ചിന്റെ 15വയസ്സ് മുതല്‍ താന്‍ പുറകെക്കൂടുമായിരുന്നുവെന്നും അഞ്ജലി പറഞ്ഞു.
പ്രണയം മൂത്ത് ഒരു പത്രപ്രവര്‍ത്തകയെന്ന വ്യാജേനയും ഞാന്‍ സച്ചിനെ വീട്ടില്‍ ചെന്ന് കണ്ടിട്ടുണ്ട്. അപ്പോഴും സച്ചിന്‍ ലജ്ജാലുവായിരുന്നു. ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാണ് തന്റെ വീട്ടിലേക്ക് വരാന്‍ കഴിഞ്ഞതെന്ന് സച്ചിന്‍ അന്ന് ചോദിച്ചിരുന്നു. അഞ്ജലിയുടെ സന്ദര്‍ശനത്തില്‍ എന്തോ പന്തികേടുണ്ടെന്ന് തന്റെ സിസ്റ്റര്‍ ഇന്‍ ലോ അന്നേ സംശയിച്ചിരുന്നുവെന്ന് സച്ചിന്‍ പിന്നീട് തന്നോട് പറഞ്ഞിട്ടുണ്ട്.
ക്രിക്കറ്റ് ടൂറിലായിരിക്കുമ്പോള്‍ സച്ചിനുമായി ആശയവിനിമയം ചെയ്യുക പ്രയാസമുള്ള കാര്യമായിരുന്നു. അക്കാലത്ത് ഇമെയില്‍, എസ്എംഎസ് എന്നിവ ഇല്ലായിരുന്നു. ഫോണ്‍ വിളിക്കാന്‍ ഉയര്‍ന്ന നിരക്കുമായിരുന്നു. രാത്രി 10 മണിക്ക് കാള്‍ നിരക്ക് കുറവായിരുന്നതിനാല്‍ അപ്പോഴായിരുന്നു സച്ചിനെ വിളിച്ചിരുന്നത്. കത്തെഴുതുക മാത്രമായിരുന്നു ഏറ്റവും നല്ല മാര്‍ഗം. തങ്ങള്‍ എന്‍ഗേജ്ഡ് ആകാന്‍ ആഗ്രഹിക്കുന്ന കാര്യം സച്ചിന്റെ മാതാപിതാക്കളെ അറിയിച്ചത് ഞാനാണ്. മാതാപിതാക്കളെ അറിയിക്കാന്‍ സച്ചിന് പേടിയായിരുന്നു. അതിനെ കുറിച്ച് സച്ചിന്‍ പറഞ്ഞത് ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിനേക്കാള്‍ തനിക്ക് പ്രയാസമുണ്ടാക്കിയെന്നാണ്.ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായിരിക്കുന്നത് വിഷമമുള്ള കാര്യമാണെന്നാണ് അഞ്ജലിയുടെ പക്ഷം. ഭര്‍ത്താവ് ആദ്യം ഔട്ടാവുകയും ഇന്ത്യ ക്രിക്കറ്റില്‍ തോല്‍ക്കുകയും ചെയ്താല്‍ താന്‍ വ്യക്തിപരമായി തെറ്റ് ചെയ്തുവെന്ന തോന്നല്‍ തനിക്കുണ്ടാകാറുണ്ടെന്നും അഞ്ജലി പറഞ്ഞു.സച്ചിനുമായി ജീവിക്കുക തന്റെ നിയോഗമായിരുന്നുവെന്നും അതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നെന്നും അഞ്ജലി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha