സച്ചിന്റെ ആത്മകഥ ഉടന്‍ മലയാളത്തില്‍ വായിക്കാം
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ ഉടന്‍ മലയാളത്തില്‍ വായിക്കാം. ഇന്ത്യയിലെ ഏഴ് പ്രാദേശിക ഭാഷകളിലേക്കാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആത്മകഥ വിവര്‍ത്തനം ചെയ്യുന്നത്. സച്ചിന്റെ മാതൃഭാഷയായ മറാത്തി, മലയാളം, ഹിന്ദി, ഗുജറാത്തി, അസമീസ്, തെലുങ്ക്, ബംഗാളി ഭാഷകളിലേക്കാണു മൊഴിമാറ്റം ചെയ്യുന്നത്.
പ്രസാധകരായ ഹാചെറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രാദേശിക ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യണമെന്നു താല്‍പര്യപ്പെട്ട് വിവിധ പ്രസാധകര്‍ മുന്നോട്ടു വന്നതായി ഹാചെറ്റ് ഇന്ത്യയുടെ പബ്ലിഷര്‍ പൗലോമി ചാറ്റര്‍ജി വ്യക്തമാക്കി. അടുത്ത വര്‍ഷം മധ്യത്തോടെ പുസ്തകം പ്രാദേശിക ഭാഷകളില്‍ പുറത്തിറങ്ങുമെന്നും വിവിധ പ്രസാധകരുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നും പൗലോമി ചാറ്റര്‍ജി പറഞ്ഞു.
വില്‍പനയില്‍ ജെ.കെ. റൗളിംഗിന്റെ കാഷ്വല്‍ വേക്കെന്‍സി, വാള്‍ട്ടര്‍ ഇസാക്‌സണ്ണിന്റെ് സ്റ്റീവ് ജോബ്‌സ്, ഡാന്‍ ബ്രൗണിന്റെ ഇന്‍ഫെര്‍നോ തുടങ്ങിയവയെ പിന്തള്ളിയാണ് പ്ലേയിംഗ് ഇറ്റ് മൈ വേ മുന്നേറുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷമുള്ള ജീവിതം സാധാരണ പോലെയാണെന്ന് ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ സച്ചിന്‍ വ്യക്തമാക്കി. ക്രിക്കറ്റിന്റെ ദൈവമെന്ന വിശേഷണം തനിക്ക് ഒട്ടും ചേരില്ലെന്നും സച്ചിന്‍ പറഞ്ഞു. ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നതു തന്നെ വലിയ കാര്യം.
പ്ലേയിംഗ് ഇറ്റ് മൈ വേ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലും പ്രകാശനം ചെയ്തിരുന്നു. 24 വര്‍ഷം ക്രിക്കറ്റ് മാത്രമാണു ശ്രദ്ധിച്ചത്. ക്രിക്കറ്റില്‍നിന്നു മാറിയപ്പോഴാണു ശരിക്കുള്ള ജീവിതം കാണുന്നത്. ക്രിക്കറ്റെന്നാല്‍ ടെസ്റ്റാണെന്നും ഏകദിനവും ട്വന്റി20 യും അനുബന്ധങ്ങള്‍ മാത്രമാണെന്നും സച്ചിന്‍ വിലയിരുത്തി. ക്രിക്കറ്റിലെ ഏറ്റവും മികച്ച പത്തു കളിക്കാരോട് ഇതേ ചോദ്യം ചോദിച്ചാലും ടെസ്റ്റ് എന്നായിരിക്കും മറുപടിയെന്നും സച്ചിന്‍ പറഞ്ഞു.
2008 ലെ മുംബൈ തീവ്രവാദി ആക്രമണത്തിനു ശേഷം ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ സെഞ്ചുറിയടിക്കാന്‍ കഴിഞ്ഞത് കരിയറിലെ ഏറ്റവും ഉചിതമായ സെഞ്ചുറിയായാണു വിലയിരുത്തുന്നതെന്നും സച്ചിന്‍ പറഞ്ഞു. ഇന്ത്യയെയാകെ ബാധിച്ച മാന്ദ്യത്തില്‍ ജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം പകരാന്‍ സെഞ്ചുറിയിലൂടെയായെന്നു വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha