ഐപിഎല്‍ ഒത്തുകളിയില്‍ ശ്രീനിവാസനും മെയ്യപ്പനും പങ്കുണ്ടെന്ന് മുഗ്ദല്‍ കമ്മറ്റി
ഐപിഎല്‍ ഒത്തുകളിയില്‍ മുന്‍ ബിസിസിഐ അധ്യക്ഷനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയുമായ എന്‍.ശ്രീനിവാസനും മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും പങ്കുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മിറ്റി കണ്ടെത്തി. ഇരുവര്‍ക്കും പുറമേ 13 പേര്‍ക്ക് കോഴയുമായി ബന്ധമുണ്ടെന്ന് മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ ഏഴ് പേരുകള്‍ കോടതി വെളിപ്പെടുത്തി.
മുന്‍ ഐപിഎല്‍ സിഇഒ സുന്ദര്‍രാമന്‍, രാജസ്ഥാന്‍ റോയല്‍സ് സഹയുടമയും ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്ര എന്നിവര്‍ക്ക് പുറമേ സ്റ്റുവര്‍ട്ട് ബിന്നി, ഒവെയ്‌സ് ഷാ (ഇംഗ്ലണ്ട്), സാമുവല്‍ ബദ്‌രി (വെസ്റ്റിന്‍ഡീസ്) എന്നീ താരങ്ങളുടെ പേരും റിപ്പോട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മൂന്ന് താരങ്ങളുടെ പേരുകള്‍ കോടതി അബദ്ധത്തിലാണ് വായിച്ചത്. അഞ്ച് പ്രമുഖ ഇന്ത്യന്‍ താരങ്ങളുടെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.
എന്നാല്‍ ഇവര്‍ക്ക് കോഴയിലുള്ള പങ്കിനെക്കുറിച്ച് കോടതി വെളിപ്പെടുത്തിയില്ല. കേസില്‍ ആരോപണ വിധേയരായ എല്ലാവര്‍ക്കും മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നും കളിക്കാരുടെ പേരുകള്‍ വരുന്ന ഭാഗം മായ്ച്ച ശേഷമേ പകര്‍പ്പ് നല്‍കാവൂ എന്നും കോടതി നിരീക്ഷിച്ചു.
കോഴയെക്കുറിച്ച് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്താമെന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. റിപ്പോര്‍ട്ടില്‍ താരങ്ങളുടെയും ഭാരവാഹികളുടെയും പേരുകള്‍ വന്ന സാഹചര്യത്തില്‍ 20ന് നടത്താനിരുന്ന ബിസിസിഐ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തീരുമാനമാകുംവരെ തെരഞ്ഞെടുപ്പ് നടത്തരുതെന്നാണ് കോടതി ഉത്തരവ്. കേസ് ഈ മാസം 24ലേയ്ക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha