ഞാന്‍ ആതിഥ്യം വഹിക്കുന്നു, എന്റെ പിന്തുണ ദേശീയ ഗെയിംസിന്... ഓടിക്കാനും ഓടാനുമായി സര്‍ക്കാരും താരങ്ങളും സാമൂഹ്യ സാംസ്‌കാരിക നായകന്മാരും ജനങ്ങളും
ഞാന്‍ ആതിഥ്യം വഹിക്കുന്നു, എന്റെ പിന്തുണ ദേശീയ ഗെയിംസിന്... എന്ന സന്ദേശത്തോടെ റണ്‍ കേരള റണ്ണിന് തുടക്കം. ആറ്റു നോറ്റിരുന്ന ദേശീയ ഗെയിംസിനു മുന്നോടിയായി സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം ചരിത്ര സംഭവമാക്കാന്‍ സര്‍ക്കാരും താരങ്ങളും ജനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. നാളെ രാവിലെ 10.30 മുതല്‍ 11.30 വരെയാണ് റണ്‍ കേരള റണ്‍ നടക്കുന്നത്.
നിരവധി സെലിബ്രിറ്റികളാണ് റണ്‍കേരളയില്‍ ഓടാന്‍ എത്തുന്നത്. ക്രിക്കറ്റ് താരവും ദേശീയ ഗെയിംസിന്റെ അംബാസഡറുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തലസ്ഥാനത്തു കൂട്ടയോട്ടത്തിനു നേതൃത്വം നല്‍കും. സച്ചിന്റെ വരവുതന്നെ കാണികളില്‍ ആവേശമുണര്‍ത്തും.
14 ജില്ലകളിലായി ഏഴായിരത്തിലേറെ പോയിന്റുകളില്‍ നിന്നാണ് റണ്‍ കേരള റണ്‍ തുടങ്ങുക. സംസ്ഥാന വ്യാപകമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു മുന്നില്‍ ഗവര്‍ണര്‍ പി. സദാശിവം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അവിടെ നിന്നാരംഭിച്ചു നോര്‍ത്ത് ഗേറ്റ് ചുറ്റി സെന്‍ട്രല്‍ സ്‌റ്റേഡിയം വരെയാണ് സച്ചിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം. തുടര്‍ന്നു സ്‌റ്റേഡിയത്തില്‍ അദ്ദേഹം ജനാവലിയെ അഭിവാദ്യം ചെയ്യും. ഗവര്‍ണ്ണര്‍ പി സദാശിവം ദേശീയ ഗെയിംസില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ റണ്‍ കേരള റണ്ണിനു നേതൃത്വം നല്‍കും. സംസ്ഥാനത്തു കൂട്ടയോട്ടം നടക്കുന്ന റൂട്ടുകളില്‍ ഗതാഗത ക്രമീകരണത്തിനു പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു 10.30 മുതല്‍ 11.30 വരെ ഇടവേള നല്‍കി ഉത്തരവിറങ്ങി. സ്‌കൂളുകളും മറ്റും പങ്കെടുക്കുന്നതിനു നേരത്തേ തന്നെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ വരവറിയിച്ചുകൊണ്ടുള്ള റണ്‍ കേരള റണ്ണിന് വന്‍ ജനപിന്തുണ ലഭിക്കുന്നുണ്ട്. സാമൂഹ്യസാംസ്‌കാരിക നേതാക്കളും കൂട്ടയോട്ടത്തിന്റെ ഭാഗമാകും.
ഈ മാസം 31നാണ് ദേശീയ ഗെയിംസ് തുടങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha