ആറിലും ഇന്ത്യ തോറ്റില്ല... പാക്കിസ്ഥാനെ 76 റണ്‍സിന് ഇന്ത്യ തകര്‍ത്തു; കോഹ്‌ലിയുടെ സെഞ്ച്വറിയും റെയ്‌നയുടേയും ധവാന്റേയും പോരാട്ടങ്ങളും വിജയത്തിലെത്തിച്ചു
ആദ്യമത്സരത്തില്‍ തന്നെ പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റില്‍ വിജയത്തുടക്കമിട്ടു. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായ ആറാം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാക്കിസ്ഥാനെ 76 റണ്‍സിനാണു ഇന്ത്യ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആറുവട്ടം നേര്‍ക്കുനേര്‍ വന്നിട്ടും ഇന്ത്യക്കുമേല്‍ ലോകകപ്പില്‍ ഒരു വിജയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന ചരിത്രം തിരുത്താന്‍ പാക് പടയ്ക്കു കഴിഞ്ഞില്ല. ഇന്ത്യ ഉയര്‍ത്തിയ 300 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18 പന്തുകള്‍ ബാക്കി നില്‍ക്കെ 224 റണ്‍സിനു പുറത്തായി.
ഒരു ഘട്ടത്തില്‍പോലും ഇന്ത്യക്കു ഭീഷണിയാവാന്‍ പാക്കിസ്ഥാനു കഴിഞ്ഞിരുന്നില്ല. അര്‍ധ സെഞ്ചുറി നേടിയ മിസ്ബാ ഉള്‍ഹഖ് (76) മാത്രമാണു പാക് നിരയില്‍ പൊരുതി നിന്നത്. കളം ചൂടുപിടിക്കുംമുമ്പു തന്നെ പരിചയസമ്പന്നരായ യൂനിസ് ഖാനെ (6) രണ്ടക്കം കാണിക്കാതെ ഇന്ത്യ പറഞ്ഞുവിട്ടു.ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദിനൊപ്പം (47) ഹാരിസ് സൊഹൈയിലും (36) മിസ്ബാ ഉള്‍ഹഖും മധ്യനിരയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജയിക്കാന്‍ അതു മതിയാകുമായിരുന്നില്ല. വെറ്ററന്‍ ഷാഹിദ് അഫ്രീദി (22) മാജിക്കൊന്നും കാണിക്കാതെ കൂടാരംപൂകിയപ്പോള്‍ പാക്കിസ്ഥാന്‍ പരാജയം ഉറപ്പിച്ചു. ഷൊഹൈബ് മക്‌സൂദും ഉമര്‍ അക്മലും സംപൂജ്യരായാണു കളംവിട്ടത്. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷമി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവും മോഹിത് ശര്‍മയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതം പിഴുതു.
ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കുന്ന അഡ്‌ലെയ്ഡിലെ പിച്ചില്‍ കോഹ്‌ലിയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. കോഹ്‌ലിക്കൊപ്പം (107) സുരേഷ് റെയ്‌നയും (74) ശിഖര്‍ ധവാനും (73) മികച്ചരീതിയില്‍ ബാറ്റുചെയ്തപ്പോള്‍ ഇന്ത്യ സുരക്ഷിത തീരമണഞ്ഞു. എന്നാല്‍ കോഹ്‌ലി പുറത്തായ ശേഷം അവസാന ഓവറുകളില്‍ ഇന്ത്യ തകര്‍ന്നടിയുന്നതാണു കണ്ടത്.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച പാക് ബൗളര്‍ സൊഹൈല്‍ ഖാനാണു വലിയ സ്‌കോറിലേക്കു കുതിച്ച ഇന്ത്യയെ പിടിച്ചു കെട്ടിയത്. സൊഹൈല്‍ 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha