വാതുവയ്‌പ്പ് ശ്രീയില്‍ നിന്നും ശ്രീനിവാസിലേക്ക്, മരുമകനായ മെയ്യപ്പനെ അറസ്റ്റു ചെയ്‌തതോടു കൂടി ബിസിസി പ്രസിഡന്റ് ശ്രീനിവാസന്റെ സ്ഥാനവും തെറിച്ചേക്കും
വാതുവയ്‌പ്പ് അങ്ങനെ ശ്രീശാന്തില്‍ നിന്നും തലപ്പത്തേയ്‌ക്കെത്തുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രസിഡന്റായ എന്‍ ശ്രീനിവാസന്റെ മരുമകനും വാതുവയ്‌പ്പില്‍ അറസ്റ്റിലായതോടെ സംശയം അദ്ദേഹത്തിലേക്കും നീളുകയാണ്. രാജിവയ്‌ക്കില്ലെന്ന് ശ്രീനിവാസന്‍ പറയുമ്പോഴും അദ്ദേഹത്തിനെതിരെ ശക്തമായ നടപടി വരുമെന്നാണറിയുന്നത്. എതിരാളികള്‍ അതിനുള്ള പടയൊരുക്കവും തുടങ്ങിക്കഴിഞ്ഞു. അതിനിടെ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് മുംബൈ ക്രൈം ബ്രാഞ്ച്. മുംബൈ വീമാനത്താവളത്തില്‍ നിന്ന് കസ്‌റ്റഡിയിലെടുത്ത മെയ്യപ്പനെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്‌തതിനുശേഷമായിരുന്നു അറസ്‌റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ അറസ്റ്റിനു ശേഷം മെയ്യപ്പന്‍ സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം അറസ്‌റ്റിലായ വിന്ദു ധാരാസിംഗിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഗുരുനാഥിന്റെ പങ്കിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഇയാളെ കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ പല അംഗങ്ങളുമായി വിന്ദുവിന് ബന്ധമുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്‍ ശ്രീനിവാസന്റെ മകള്‍ രൂപയുടെ ഭര്‍ത്താവാണ് മെയ്യപ്പന്‍. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ സി.ഇ.ഒ കൂടിയാണ് ഇയാള്‍.
അതേസമയം മെയ്യപ്പനെതിരെ ശ്രീനിവാസന്റെ മകന്‍ അശ്വിന്‍ രംഗത്തെത്തി. മെയ്യപ്പന് വാതുവെപ്പുകാരുമായി ബന്ധമുണ്ട്. ചെന്നൈയിലേയും ദുബായിലെയും വാതുവയ്‌പുകാരുമായിട്ടാണ് ബന്ധം പുലര്‍ത്തിയിരുന്നതെന്നാണ് അശ്വിന്‍ ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തില് പറഞ്ഞത്. ചെറിയ തോതില്‍ സൈഡ് ബിസിനസായി ആരംഭിച്ച വാതുവയ്‌പ് ഇടപാട് കാലക്രമേണ വന്‍ വാതുവയ്‌പായി മാറുകയായിരുന്നു. മെയ്യപ്പന് അധോലോക ബന്ധങ്ങള്‍ ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നെന്നും മെയ്യപ്പന്റെ ഭാര്യാ സഹോദരന്‍ കൂടിയായ അശ്വിന്‍ പറഞ്ഞു.
എന്നാല്‍ മെയ്യപ്പനെതിരെ ആരോപണം ഉയര്‍ന്നതിന്റെ പശ്‌ചാത്തലത്തില്‍ താന്‍ രാജിവയ്‌ക്കില്ലെന്നു ബിസിസിഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ പറഞ്ഞു. മരുമകനു വാതുവയ്‌പുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് അറിയില്ല. മരുമകനെതിരായ ആരോപണത്തിന്റെ പേരില്‍ താന്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് ശ്രീനിവാസന്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha