സ്‌കോട്‌ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 119 റണ്‍സ് ജയം
തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലെ പരാജയത്തിനു ശേഷം ഇംഗ്ലണ്ട് ജയിച്ചു. ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കിയപ്പോള്‍ എതിരാളി സ്‌കോട്ട്‌ലന്‍ഡാണ്. സ്‌കോട്‌ലന്‍ഡിനെ 119 റണ്‍സിനു പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. എന്നാല്‍ 304 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് 42.2 ഓവറില്‍ 184 റണ്‍സിന് എല്ലാവരും പുറത്തായി. 107 പന്തില്‍ 12 ബൗണ്ടറിയും അഞ്ചു സിക്‌സുമടക്കം 128 റണ്‍സ് നേടിയ ഇംഗ്ലീഷ് ഓപ്പണര്‍ മൊയീന്‍ അലിയാണു മാന്‍ ഓഫ് ദ മാച്ച്. ഇയാന്‍ ബെല്‍ 54 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
സ്‌കോട്‌ലന്‍ഡ് നിരയില്‍ ഓപ്പണര്‍ കോട്‌സര്‍ (71) മാത്രമാണു തിളങ്ങിയത്. നായകന്‍ മോമ്‌സണ്‍ 26 റണ്‍സെടുത്ത് പുറത്തായി.
നേരത്തേ മോയിന്‍ അലിയും ബെല്ലും ചേര്‍ന്ന് ഇംഗ്ലണ്ടിനു മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 172 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സാവധാനം തുടങ്ങിയ മൊയീന്‍ അലി പിന്നീട് കത്തിക്കയറുകയായിരുന്നു. ക്രിക്കറ്റിലെ കുഞ്ഞന്മാരായ സ്‌കോട്‌ലന്‍ഡിനെ അതേരീതിയിലാണ് ഇംഗ്ലണ്ട് നേരിട്ടത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലന്‍ഡിനു തുടക്കത്തിലേ തിരിച്ചടിയേറ്റു. 54 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി. എങ്കിലും ഓപ്പണര്‍ കോട്‌സര്‍ പിടിച്ചുനിന്നു. ലോകോത്തര ബൗളര്‍മാരെ നേരിട്ട കോട്‌സര്‍ 84 പന്തില്‍ 11 ബൗണ്ടറികളുടെ അകമ്പടിയോടെ 71 റണ്‍സ് കണ്ടെത്തി. മോംമ്‌സണ്‍ 26ഉം ക്രോസ് 23ഉം റണ്‍സ് നേടി. ഇംഗ്ലണ്ടിനു വേണ്ടി ഫിന്‍ മൂന്നും ആന്‍ഡേഴ്‌സന്‍, വോക്‌സ്, അലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha