വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം; ജഡേജ മാന്‍ ഓഫ് ദി മാച്ച്
തുടര്‍ച്ചയായി സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റേയും അഞ്ച് വിക്കറ്റ് വീഴ്‌ത്തി മികച്ച പ്രകടനം കാഴ്‌ചവെച്ച രവീന്ദ്ര ജഡേജയുടേയും മികവില്‍ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫിയിലെ തുടര്‍ച്ചയായ രണ്ടാം വിജയം. ഇതോടെ ഇന്ത്യ ടൂര്‍ണമെന്റിന്റെ സെമിയിലെത്തുകയും ചെയ്‌തു.
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇത്തവണത്തെ ആദ്യ അഞ്ച് വിക്ക്‌റ്റ് നേട്ടമാണ് ജഡേജ കരസ്ഥമാക്കിയത്. ജഡേജയാണ് മാന്‍ ഓഫ് ദി മാച്ചും.
ടോസ് നഷ്ടപെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 60 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സും പുറത്താകാതെ 56 റണ്‍സെടുത്ത ഡാരന്‍ സമിയും ഒഴികെ മറ്റാരും കാര്യമായ സംഭാവനകള്‍ നല്‍കിയില്ല. അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയ രവീന്ദ്ര ജഡേജയായിരുന്നു വിന്‍ഡീസിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഡരെന്‍ ബ്രാവോ (35), ഗെയ്‌ല്‍ (21), ഡെയ്‌ന്‍ ബ്രാവോ (25), പൊള്ളാര്‍ഡ് (22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനങ്ങളിലൂടെ വിന്‍ഡീസിന് ആശ്വാസം നല്‍കി. 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്‌ടത്തില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ 233 റണ്‍സിലൊതുങ്ങുകയും ചെയ്‌തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 65 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ശിഖര്‍ ധവാന്റെ സെഞ്ചുറിയും (107 പന്തില്‍ 102) രോഹിത് ശര്‍മയുടെയും (56 പന്തില്‍ 52) ദിനേശ് കാര്‍ത്തികിന്റെയും (54 പന്തില്‍ പുറത്താകാതെ 51) അര്‍ധസെഞ്ചുറികളുമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. വിരാട് കൊഹ്‌ലി 22 റണ്‍സെടുത്ത് പുറത്തായി.
https://www.facebook.com/Malayalivartha