ഐപിഎല്ലില്‍ മുംബൈക്ക് ആദ്യ ജയം
കരുത്തരായ ബാംഗ്ലൂരിനെ 18 റണിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കി. അഞ്ചാമത്തെ മത്സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റിന് 209 റണ്‍ നേടി. വലിയ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനു നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്ണാണ് നേടാനായത്. ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എ ബി ഡിവില്ലിയേഴ്‌സ് (11 പന്തില്‍ 41), ഡേവിഡ് വീസ് (25 പന്തില്‍ 47) എന്നിവര്‍ മികച്ച വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല.
രോഹിത് ശര്‍മ (15 പന്തില്‍ 42), ഉന്‍മുക്ത് ചന്ദ് (37 പന്തില്‍ 58), ലെന്‍ഡല്‍ സിമ്മണ്‍സ് (44 പന്തില്‍ 59) എന്നിവരുടെ മികച്ച പ്രകടനമാണ് മുംബൈയുടെ ഇന്നിങ്‌സിനു കരുത്തായത്.
മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു. സീസണില്‍ തുടര്‍ച്ചയായ അഞ്ചാംജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇതോടെ ഒന്നാംസ്ഥാനത്ത് പിടിമുറുക്കാനും രാജസ്ഥാന് കഴിഞ്ഞു. നാലു കളിയില്‍ മൂന്നു ജയവുമായി ചെന്നൈ രണ്ടാമത് നില്‍ക്കുന്നു.പരിക്കില്‍നിന്ന് മോചിതനായെത്തിയ ഷെയ്ന്‍ വാട്‌സണും (47 പന്തില്‍ 73) അജിന്‍ക്യ രഹാനെയും (55 പന്തില്‍ 76*) ചേര്‍ന്നാണ് ചെന്നൈയെ തകര്‍ത്തത്. മൊട്ടേറയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം നാലിന് 156 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തി. മറുപടിക്കെത്തിയ രാജസ്ഥാന്‍ ചെന്നൈ ബൗളര്‍മാരെ നിലംതൊടീച്ചില്ല.
10 പന്തും എട്ടു വിക്കറ്റും ബാക്കിനില്‍ക്കെ അവര്‍ ലക്ഷ്യം മറികടന്നു. രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്.മൊട്ടേറയിലെ വേഗംകുറഞ്ഞ പിച്ചില്‍ രാജസ്ഥാന്‍ തുടക്കത്തില്‍ അല്‍പ്പം പകച്ചു. രഹാനെയ്‌ക്കൊപ്പം വാട്‌സണായിരുന്നു ഇന്നിങ്‌സ് ആരംഭിച്ചത്. രഹാനെ തുടക്കത്തിലേ ആഞ്ഞുവീശി. രണ്ട് ഓവര്‍ കഴിഞ്ഞതോടെ ക്യാപ്റ്റനും തുടങ്ങി. ആദ്യ മൂന്ന് ഓവറില്‍ 11 റണ്ണായിരുന്നു. നാലാമത്തെ ഓവറില്‍ മോഹിത് ശര്‍മയെ രഹാനെ സിക്‌സര്‍ പറത്തി. പിന്നാലെ വാട്‌സണ്‍ ബൗണ്ടറിയും പായിച്ചു. 10 ഓവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 88 റണ്‍ രാജസ്ഥാന്‍ നേടി. 144 റണ്ണാണ് ഒന്നാം വിക്കറ്റില്‍ വാട്‌സണും രഹാനെയും ചേര്‍ന്ന് അടിച്ചെടുത്തത്.
ജയത്തിന് 13 റണ്‍ അകലെവച്ച് വാട്‌സണെ ജഡേജ പുറത്താക്കിയെങ്കിലും രഹാനെ ജയം പൂര്‍ത്തിയാക്കി. നേരത്തെ, 65 റണ്ണെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായ ചെന്നൈയെ ഡ്വെയ്ന്‍ ബ്രാവോയുടെ (36 പന്തില്‍ 62*) അരസെഞ്ചുറിയാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 37 പന്തില്‍ 31 റണ്ണുമായി പുറത്താകാതെനിന്ന ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ കഴിയാത്തത് ചെന്നൈയ്ക്ക് തിരിച്ചടിയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha