ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതുതന്നെ; ജഡേജ ആദ്യ അഞ്ചില്‍
ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ചാമ്പ്യന്‍സ് ട്രോഫിയിലും മികച്ച ഫോം തുടരുന്നതാണ് റാങ്കിംഗില്‍ ആദ്യസ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്ക് തുണയായത്. എന്നാല്‍ ഇംഗ്ലണ്ടാണ് റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കിയത്. നാലാം സ്ഥാനത്തു നിന്ന് രണ്ടാമതാണ് പുതിയ റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ സ്ഥാനം. ഓസ്‌ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇംഗ്ലണ്ട് റാംങ്കിംഗില്‍ നേട്ടമുണ്ടാക്കിയത്. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യക്ക് 121 പോയന്റും ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും 113 പോയിന്റുമാണ് ഉള്ളത്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,പാക്കിസ്ഥാന്‍ ടീമുകളാണ് മറ്റു സ്ഥാനക്കാര്‍.
അതേസമയം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ബൗളര്‍മാരുടെ റാംങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗിലും ജഡേജ നാലാമതാണ്. എന്നാല്‍ സ്‌പിന്നര്‍ അശ്വിന്‍ ഒരു സ്ഥാനം നഷ്ടപെട്ട് പതിനാലാം സ്ഥാനത്തു നിന്ന് പതിനഞ്ചിലെത്തി. ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഹാഷിം അംലയാണ് രണ്ടാം സ്ഥാനത്ത്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വിരാട് കോഹ്‌ലി, എം.എസ്. ധോണി എന്നിവരുമാണ്.
https://www.facebook.com/Malayalivartha