ലങ്കാദഹനം നടത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍
ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. എട്ട് വിക്കറ്റിനാണ് ശ്രീലങ്കയെ ഇന്ത്യ തറപറ്റിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം 90 പന്തുകള്‍ശേഷിക്കെ ഇന്ത്യ മറികടന്നു. 68 റണ്‍സെടുത്ത ശിഖര്‍ ധവാനും പുറത്താകാതെ 58 റണ്‍സെടുത്ത വിരാട് കൊഹ്‌ലിയും 33 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. 35 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് വമ്പന്‍ ലക്ഷ്യം കെട്ടിപ്പടുക്കാനായില്ല. മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ മധ്യനിര നടത്തിയ ചെറുത്തുനില്‍പാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് അവരെ രക്ഷിച്ചത്. 51 റണ്‍സെടുത്ത ഏഞ്ചലോ മാത്യൂസ് ആണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ജയവര്‍ധനെ 38 ഉം മെന്‍ഡിസ് 25 ഉം റണ്‍സെടുത്തു. ഓപ്പണിംഗില്‍ ഇറങ്ങിയ കുസാല്‍ പെരേര നാല് റണ്‍സിനും ദില്‍ഷന്‍ 18 റണ്‍സിനും പുറത്തായിരുന്നു. സംഗക്കാരെയുടെ സംഭാവന 17 റണ്‍സിലും ഒതുങ്ങി. അന്‍പത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്‌ടത്തിലാണ് ശ്രീലങ്ക 181 റണ്‍സെടുത്തത്. ഇന്ത്യയ്‌ക്ക് വേണ്ടി അശ്വിനും ഇഷാന്ത് ശര്‍മയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ഭുവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും നേടി. ഇഷാന്ത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്. ഇംഗ്ലണ്ടാണ് ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.
https://www.facebook.com/Malayalivartha