ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി. അടുത്തമാസം 10ന് തുടങ്ങേണ്ട പരമ്പരയാണ് റദ്ദാക്കിയത്. കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നതിന് വേണ്ടിയും മത്സരാധിക്യം മൂലം ടീമിന്റെ പ്രവര്‍ത്തനക്ഷമത ബാധിക്കുന്നതിനാലുമാണ് പരമ്പര റദ്ദാക്കിയതെന്ന് ബിസിസിഐ വിശദീകരിച്ചു.
എന്നാല്‍ മത്സരത്തിന്റെ സംപ്രേക്ഷണ അവകാശവുമായി ബന്ധപ്പെട്ട് സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡും ടെന്‍ സ്‌പോര്‍ട്‌സുമായുള്ള തര്‍ക്കം പരിഹരിക്കപ്പെടാത്തതും ബംഗ്ലദേശിനോടേറ്റ നാണംകെട്ട പരാജയവുമാണ് പരമ്പര റദ്ദാക്കുന്നതിന് ബിസിസിഐയെ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിസിസിഐയെ വെല്ലുവിളിച്ച് വിമത ക്രിക്കറ്റ് ലീഗായ ഐസിഎല്ലിന് തുടക്കമിട്ട സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള ടെലിവഷന്‍ നെറ്റ്‌വര്‍ക്കാണ് ടെന്‍ സ്‌പോര്‍ട്‌സ്.
മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമാണ് സിംബാബ്‌വെ പരമ്പരയില്‍ ഉണ്ടായിരുന്നത്. നേരത്തെ മുതിര്‍ന്ന കളിക്കാരടക്കം ഇന്ത്യയുടെ തിരിക്ക് പിടിച്ച മത്സര ഷെഡ്യൂളിനെതിരെ രംഗത്ത് വന്നിരുന്നു. തിരക്ക് പിടിച്ച മത്സര ഷെഡ്യൂള്‍ കളിക്കാരുടെ പ്രകടന മികവിനെ ബാധിക്കുന്നുവെന്നാണ് കളിക്കാരുടെ പരാതി.
ബംഗ്ലാദേശ് പരമ്പരക്ക് മുമ്പ് മുതിര്‍ന്ന താരങ്ങള്‍ വിശ്രമം ആവശ്യപ്പെട്ടതായും എന്നാല്‍ ബിസിസിഐ ഇത് തള്ളുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ടീം ഇന്ത്യ തോല്‍ക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ പരമ്പര തോല്‍വി വഴങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha