ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസജയം
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസജയം. ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 47 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. പരമ്പരയില്‍ ആദ്യമായി ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഇന്ത്യക്ക് 77 റണ്‍സിന്റെ ആധികാരിക ജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബംഗ്ലാദേശ് നേരത്തേ പരമ്പര ഉറപ്പിച്ചിരുന്നു. സ്‌കോര്‍: ഇന്ത്യ 317/6 (50 ഓവര്‍); ബംഗ്ലാദേശ് 240/10 (47 ഓവര്‍).
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മികവാണ് വലിയ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ശിഖര്‍ ധവാനും (73 പന്തില്‍ 75) ക്യാപ്റ്റന്‍ ധോനിയും (77 പന്തില്‍ 69) അര്‍ധസെഞ്ച്വറികളുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അമ്പാട്ടി റായുഡു (49 പന്തില്‍ 44), സുരേഷ് റെയ്‌ന (21 പന്തില്‍ 38) രോഹിത് ശര്‍മ (29 പന്തില്‍ 29), വിരാട് കോലി (35 പന്തില്‍ 25) എന്നിവര്‍ പിന്തുണ നല്‍കി.
ക്രീസിലിറങ്ങിയ എല്ലാ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കടന്നു. സ്റ്റുവര്‍ട്ട് ബിന്നിയും (11 പന്തില്‍ 17) അക്‌സര്‍ പട്ടേലുമായിരുന്നു (5 പന്തില്‍ 10) ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ക്രീസില്‍. ബംഗ്ലാദേശിനായി മഷ്‌റഫി മുര്‍ത്താസ മൂന്നും മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും വിക്കറ്റുമെടുത്തു. ഷാക്കിബല്‍ ഹസനാണ് ഒരു വിക്കറ്റ്.
മുന്നൂറിന് മുകളിലുള്ള വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനായി സൂമി സര്‍ക്കാര്‍ (34 പന്തില്‍ 40), ലിറ്റണ്‍ ദാസ് (50 പന്തില്‍ 34), മുഷ്ഫിഖുര്‍ റഹീം (30 പന്തില്‍ 24), ഷാക്കിബല്‍ ഹസന്‍ (21 പന്തില്‍ 20), സാബിര്‍ റഹ്മാന്‍ (38 പന്തില്‍ 43), നാസിര്‍ ഹുസൈന്‍ (30 പന്തില്‍ 32) എന്നിവര്‍ നന്നായി തുടങ്ങി. എന്നാല്‍ ആര്‍ക്കും വലിയ ഇന്നിങ്‌സ് കളിക്കാനാകാതെ പോയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സുരേഷ് റെയ്‌ന ബോളിങ്ങിലും തിളങ്ങി. ധവാല്‍ കുല്‍ക്കര്‍ണിയും രവി അശ്വിനും രണ്ട് വിക്കറ്റ് വീതം നേടി. സ്റ്റുവര്‍ട്ട് ബിന്നി, അക്‌സര്‍ പട്ടേല്‍, അമ്പാട്ടി റായുഡു എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.
ഇന്ത്യക്കെതിരായ ബംഗ്ലാദേശിന്റെ ആദ്യ പരമ്പര ജയമാണിത്. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബംഗ്ലാ ബോളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ ആണ് മാന്‍ ഓഫ് ദ സീരീസ്. പത്തൊമ്പതുകാരനായി മുസ്തഫിസുറിന്റെ അരങ്ങേറ്റ പരമ്പരയായിരുന്നു ഇത്. സുരേഷ് റെയ്‌നയാണ് ഇന്നത്തെ മത്സരത്തിലെ താരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha