സഞ്ജുവും ഇന്ത്യയും തോറ്റു... ഇന്ത്യ തോറ്റത് 10 റണ്‍സിന്; സഞ്ജു നേടിയത് വെറും 19 റണ്‍സ്
മലയാളി താരം സഞ്ജു വി. സാംസണ്‍ രാജ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സിംബാബ്‌വെയ്‌ക്കെതിരായ അവസാന 20ട്വന്റി മത്സരത്തില്‍ ഇന്ത്യ തോറ്റു. മൂന്ന് ഏകദിനങ്ങളിലും ഒരു 20ട്വന്റിയിലും തകര്‍ന്നടിഞ്ഞ ആതിഥേയര്‍ക്ക് അവസാന മത്സരത്തിലെ ജയം ആശ്വാസത്തിന് വക നല്‍കി. പത്ത് റണ്‍സിനാണ് സിംബാബ്‌വെ സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്.
അരങ്ങേറ്റ മത്സരത്തില്‍ സഞ്ജുവിന്റെ ഇന്നിങ്‌സ് 19 റണ്‍സിന് അവസാനിച്ചു. മോഫുവിന്റെ പന്തില്‍ വാളറെടുത്ത ക്യാച്ചിലാണ് സഞ്ജു പുറത്തായത്. സിഖന്ദര്‍ റാസയുടെ പുറത്താകലിന് വഴിയൊരുക്കിയതും അരങ്ങേറ്റത്തില്‍ സഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമായി. എട്ട് റണ്ണെടുത്ത് ക്രീസില്‍ നില്‍ക്കെ മോഹിത് ശര്‍മ്മയുടെ പന്തില്‍ റാസയെ സഞ്ജു കയ്യിലൊതുക്കി.
മുതിര്‍ന്ന താരം ഹര്‍ബജനെ പുറത്തിരുത്തിയാണ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ സഞ്ജുവിന് അവസരം നല്‍കിയത്. ശ്രീശാന്തിനും ടിനുവിനും ശേഷം ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ഇറങ്ങുന്ന മൂന്നാമത്തെ മലയാളി താരമാണ്. മുരളി വിജയ് ആണ് സഞ്ജുവിന് ടീം ക്യാപ് സമ്മാനിച്ചത്. ബാറ്റിംഗ് ഓര്‍ഡറില്‍ ആറാമനായാണ് സഞ്ജു ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഭാവിയില്‍ ധോണിയുടെ പകരക്കാരനാകുമെന്ന് ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
42 റണ്ണെടുത്ത ഉത്തപ്പയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ രഹാനെ നാല് റണ്ണിന് പുറത്തായി. സ്റ്റുവര്‍ട്ട് ബിന്നി 24 റണ്ണെടുത്തു. സിംബാബ്‌വെയ്ക്ക് വേണ്ടി ക്രെമര്‍ മൂന്ന് വിക്കറ്റെടുത്തു. മുസാരബനി, മോഫു, വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 എടുത്തു. ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 67 റണ്ണെടുത്ത ചിഭാബയാണ് സിംബാബ്‌വെയുടെ ടോപ്പ് സ്‌കോറര്‍. മസക്കഡ്‌സ 19 റണ്‍സും വില്യംസ് 17 റണ്ണുമെടുത്തു. മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം എടുത്തു. സന്ദീപ് ശര്‍മ്മ, സ്റ്റുവര്‍ട്ട് ബിന്നി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha