ഇന്ത്യ എ ടീമിനെ മൂന്ന് വിക്കറ്റിനു തോല്‍പ്പിച്ച് ഓസ്‌ട്രേലിയ എ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് സീരിസിന്റെ ഫൈനലില്‍ കടന്നു
ഇന്ത്യ എ ടീമിനെ മൂന്ന് വിക്കറ്റിനു തോല്‍പ്പിച്ച് ഓസ്‌ട്രേലിയ എ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് സീരിസിന്റെ ഫൈനലില്‍ കടന്നു. ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്ണെടുത്തു. കളി തീരാന്‍ ഒന്‍പത് പന്ത് ശേഷിക്കേയാണ് ഓസ്‌ട്രേലിയ വിജയ റണ്ണെടുത്തത്.
49 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം 54 റണ്ണെടുത്ത ആഡം സാംപ, 63 പന്തില്‍ 45 റണ്ണുമായി പുറത്താകാതെനിന്ന കാളം ഫെര്‍ഗുസണ്‍ എന്നിവരാണ് ഓസീസിനെ ജയത്തിലേക്കു നയിച്ചത്. മധ്യനിര ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്‍ 61 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 63 റണ്ണെടുത്ത് ടോപ് സ്‌കോററായി. ഓപ്പണര്‍ ട്രാവിസ് ഹെഡ് 43 പന്തില്‍ 45 റണ്ണുമെടുത്തു. നായകന്‍ ഉസ്മാന്‍ ഖ്വാജ (18), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോബ് (19), മാത്യു വേഡ് (അഞ്ച്), ആഷ്ടണ്‍ ആഗര്‍ (0) എന്നിവരെ ക്ഷണത്തില്‍ പുറത്താക്കാന്‍ ഇന്ത്യക്കായെങ്കിലും ജയത്തിലേക്കു കയറാനായില്ല. ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ മൂന്ന് വിക്കറ്റും സന്ദീപ് ശര്‍മ, റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, കരുണ്‍ നായര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
ആഷ്ടണ്‍ ആഗറിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഓസീസ് ടീമിനെ വാസ്തവത്തില്‍ ജയിപ്പിച്ചത്. 39 റണ്‍ വഴങ്ങി ആഗര്‍ അഞ്ച് വിക്കറ്റെടുത്തതോടെ ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍ നേടാനുള്ള അവസരം ഇല്ലാതായി. ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ സെഞ്ചുറിയടിച്ച ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇന്നലെയും മികച്ച പ്രകടനം തുടര്‍ന്നു. 61 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം 61 റണ്ണെടുത്ത അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മനീഷ് പാണ്ഡെ 38 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 50 റണ്ണെടുത്ത് അഗര്‍വാളിനു പിന്തുണ നല്‍കി. കര്‍ണാടക മലയാളി കരുണ്‍ നായര്‍ 44 പന്തില്‍ 32 റണ്ണും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 23 റണ്ണുമെടുത്തു. അക്ഷര്‍ പട്ടേല്‍ (20), കരണ്‍ ശര്‍മ (18), റിഷി ധവാന്‍ (26) എന്നിവര്‍ വാലറ്റത്ത് മികച്ച ബാറ്റിങ് പുറത്തെടുത്തു. ആഷ്ടണ്‍ ആഗറാണു മത്സരത്തിലെ താരം. ദക്ഷിണാഫ്രിക്ക എ ടീം ഇന്നു നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ എ ടീമിനെ നേരിടാനിരിക്കുകയാണ്. ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് 10 ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ആശുപത്രിയിലായിരുന്നു.
ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ടീം മാനേജ്‌മെന്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇന്നു നടക്കേണ്ടിയിരുന്ന ഇന്ത്യഓസീസ് എ ടീമുകളുടെ മത്സരം ഇന്നലെ നടത്തുകയും ചെയ്തു. ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ റീസ ഹെന്‍ഡ്രിക്‌സ്, മസ്‌തോസിസി ഷെസി, ഖായ സോണ്‍ഡോ എന്നിവര്‍ക്ക് അസുഖ ബാധിതരായിട്ടും കളിക്കേണ്ടി വന്നിരുന്നു. ഇന്ത്യ എ യുടെ 12മനായ മന്‍ദീപ് സിങ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫീല്‍ഡ് ചെയ്യുകയും ചെയ്തു. കളിക്കാരുടെ അഭാവം മൂലം വീഡിയോ അനലിസ്റ്റ് ഹെന്‍ഡ്രികസ് കോര്‍ട്‌സണ്‍ ഫീല്‍ഡ് ചെയ്യാനിറങ്ങിയിരുന്നു. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക് ഉള്‍പ്പെടെയുള്ള താരങ്ങളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ കടുത്ത ചൂടും താരങ്ങള്‍ക്കു വെല്ലുവിളിയാണ്. ഓസ്‌ട്രേലിയ എ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിനും പിന്നീട് നടന്ന മത്സരത്തില്‍ ഇന്ത്യ എയെ 119 റണ്ണിനും തോല്‍പ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha