ബി.സി.സി.ഐ കമ്മീഷന്റെ ക്ലീന്‍ചീറ്റ് പാളി; പാനല്‍ നിയമവിരുദ്ധമെന്ന് കോടതി
ഐ.പി.എല്‍ വാതുവെപ്പില്‍ ബി.സി.സി.ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നിയമവിരുദ്ധവും,ഭരണഘടനാ വിരുദ്ധവുമാണെന്ന് മുംബൈ ഹൈക്കോടതി. അതിനാല്‍ തന്നെ പുതിയ പാനല്‍ രൂപീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഐ.പി.എല്‍ വാതുവെപ്പില്‍ ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും, രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ്‌കുന്ദ്രയ്‌ക്കും പങ്കില്ലെന്നാണ് ബി.സി.സി.ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. ഇതോടെ ബി.സി.സി.ഐയുടെ തലപ്പത്ത് തിരിച്ചെത്താനുള്ള ശ്രീനിവാസന്റെ ശ്രമങ്ങള്‍ക്ക് അനുകൂല സാഹചര്യം ഉണ്ടായി.
പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ അന്വേഷണകമ്മീഷന്‍ മെയ്യപ്പനെ കുറ്റവിമുക്തനാക്കി. അതിനാല്‍ തന്നെ അന്വേഷണ കമ്മീഷനും അന്വേഷണവും വെറും പ്രഹസനങ്ങള്‍ മാത്രമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിയോഗിച്ച അന്വേഷണ സംഘത്തില്‍ റിട്ട. ജഡ്‌ജിമാരായ ജയറാംചൗളയും ആര്‍. ബാലസുബ്രഹ്മണ്യനുമാണ് അംഗങ്ങള്‍. എന്നാല്‍ അന്വേഷണ സംഘത്തിന് പലരില്‍ നിന്നും തെളിവെടുക്കാന്‍ സാധിച്ചിരുന്നില്ല. മുബൈ ക്രൈംബ്രാഞ്ച് സംഘത്തിന് സമിതിയുടെ മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് നല്‍കിയെങ്കിലും അതിന് നിയമസാധുതയില്ലെന്ന് പറഞ്ഞ് അത് നിരസിക്കപ്പെടുകയാണ് ഉണ്ടായത്. കൂടാതെ വാതുവെപ്പിന്റെ പേരില്‍ അറസ്റ്റിലായ മിക്കവരും ജയിലുകളില്‍ ആയതിനാല്‍ അവരുടെയൊന്നും മൊഴി എടുക്കാനും ഈ അന്വേഷണ സംഘത്തിന്‌സാധിച്ചിട്ടില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ ധൃതി പിടിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ശ്രീനിവാസന്റെ തിരിച്ചുവരവിനു വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയതാകാനെ സാധ്യതയുള്ളൂ. ഓഗസ്‌റ്റ് രണ്ടിന് ചേരുന്ന ബി.സി.സി.ഐ കൗണ്‍സില്‍ യോഗത്തില്‍ ഈ റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമ തീരുമാനം എടുക്കാനിരിക്കെയാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha