യുഎസ് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ ഇന്ന്
യുഎസ് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ ഇന്ന്. ആദ്യ സെമിയില്‍ നിലവിലെ ചാംപ്യന്‍ മാരിന്‍ സിലിച്ച് ലോക ഒന്നാംനമ്പര്‍ നൊവാക് ജോക്കോവിച്ചിനെ നേരിടും. രണ്ടാം സെമിയില്‍ സ്വിസ് താരങ്ങളായ റോജര്‍ ഫെഡററും സ്റ്റാന്‍ വാവ്റിങ്കയും ഏറ്റുമുട്ടും.
യുഎസ് ഓപ്പണ്‍ കിരീടത്തില്‍ അഞ്ചുതവണ മുത്തമിട്ട റോജര്‍ ഫെഡററുടെ ഫ്‌ളഷിങ് മെഡോസിലെ പത്താം സെമിപോരാട്ടമാണിത്. സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലാണ് ഫെഡ് എക്‌സ്പ്രസ്. ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് സെമിയിലെത്തിയത്. സര്‍വീസ് ബ്രേക്ക് ചെയ്യപ്പെട്ടത് രണ്ടുതവണ മാത്രവും. ക്വാര്‍ട്ടറില്‍ ഫെഡറര്‍ റിച്ചാര്‍ഡ് ഗാസ്‌ക്വയേയും സ്റ്റാനിസ്ലാസ് വാവ്്‌റിങ്ക കെവിന്‍ ആന്‍ഡേഴ്‌സണെയുമാണ് തോല്‍പിച്ചത്. തമ്മില്‍ ഏറ്റുമുട്ടിയതില്‍ 16 ജയം ഫെഡറര്‍ക്കും മൂന്നു ജയം വാവ്റിങ്കയ്ക്കും.
വാവ്്‌റിങ്കയുടെ മൂന്നു ജയവും കളിമണ്‍ കോര്‍ട്ടിലാണ്. ഹാര്‍ഡ് കോര്‍ട്ടില്‍ ഫെഡറര്‍ക്കു തന്നെ മുന്‍തൂക്കം. ഫെലിസിയാനോ ലോപ്പസിനെ കീഴടക്കിയെത്തുന്ന നൊവാക് ജോക്കോവിച്ചും ജോ വില്‍ഫ്രഡ് സോങ്കയെ മറികടന്നെത്തുന്ന മാരിന്‍ സിലിച്ചും തമ്മിലെ സെമിഫൈനല്‍ രണ്ട് ഒന്നാം നന്പറുകാരുടേതാണ്. കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മല്‍സരമെന്നാണ് മാരിന്‍ സിലിച്ച് പറയുന്നത്. ജോക്കോവിച്ചെ തോല്‍പിക്കാന്‍ ഇതുവരെ സിലിച്ചിനായിട്ടില്ലെന്നതുതന്നെ കാരണം. ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും ജയിച്ചെത്തുന്ന ജോക്കോവിച്ച് പക്ഷെ അല്‍പം കിതച്ചാണ് സെമിവരെ എത്തിയത്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ സീസണില്‍ വീണ്ടുമൊരു ജോക്കോവിച്ച് ഫെഡറര്‍ കലാശപ്പോരാട്ടത്തിന് അവസരമൊരുങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha