ശിഖര്‍ ധവാന് ഡബിള്‍ സെഞ്ച്വറി; എ ലെവല്‍ മത്സരത്തില്‍ 39 റണ്‍സ് ജയം
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയുടെ ശിഖര്‍ ധവാന് ഡബിള്‍ സെഞ്ച്വറി. 150 പന്തിലാണ് ധവാന്‍ 248 റണ്‍സ് നേടിയത്. മത്സരത്തില്‍ ഇന്ത്യ 39 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 434 റണ്‍സ് വിജയലക്ഷ്യം കാണാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ 394 റണ്‍സിന് ഓള്‍ ഔട്ടായി.
ജയത്തോടെ, ഓസ്‌ട്രേലിയ 'എ' കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ബുധനാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഫൈനല്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന രണ്ടാം വ്യക്തിഗത സ്‌കോറാണ് ധവാന്‍ പ്രിട്ടോറിയയില്‍ കുറിച്ചത്. 2002-ല്‍ ഗ്ലാമര്‍ഗോനെതിരെ സറേയ്ക്കുവേണ്ടി ഇംഗ്ലണ്ട് താരം അലിസ്റ്റര്‍ ബ്രൗണ്‍ നേടിയ 268 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ വെസ്റ്റിന്‍ഡീസിനെതിരെ 2011-ല്‍ വീരേന്ദര്‍ സെവാഗ് നേടിയ 219 റണ്‍സാണ്. എന്നാല്‍, 'എ' ലെവല്‍ ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയെന്ന റെക്കോഡ് ഇനി ശിഖര്‍ ധവാന് സ്വന്തമാകും.
മത്സരത്തിന്റെ ആദ്യ പന്തില്‍ ഹാര്‍ദൂസ് വിലിയോണിനെ ബൗണ്ടറിയടിച്ചുകൊണ്ടാണ് ധവാന്‍ തുടങ്ങിയത്. ഒടുവില്‍ 45-ാം ഓവറിലെ നാലാം പന്തില്‍ റസ്റ്റി തെറോണിന്റെ പന്തില്‍ പുറത്താകുമ്പോഴേക്കും 150 പന്തില്‍ 248 റണ്‍സ് സ്വന്തമാക്കാന്‍ ധവാന് സാധിച്ചിരുന്നു. 30 ബൗണ്ടറികളും ഏഴ് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ധവാന്റെ പ്രകടനം.
https://www.facebook.com/Malayalivartha