ബ്ലാസ്റ്റേഴ്സ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പിടിച്ചു; 60% ഓഹരി സച്ചിന്‍ സ്വന്തമാക്കി
ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രമുഖ ഓഹരി ഉടമയായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. നേരത്തേ 40 ശതമാനം ഓഹരിയുണ്ടായിരുന്ന സച്ചിന്‍ 20 ശതമാനം ഓഹരികൂടി സ്വന്തമാക്കിയതോടെയാണിത്. ഇതോടെ ക്ലബിന്റെ സിംഹഭാഗം ഷെയറും സച്ചിന്റെ കൈവശമായി.
ഹൈദരാബാദ് പിവിപി വെഞ്ച്വറിന്റെ കൈവശമുണ്ടായിരുന്ന ഓഹരികളാണ് സച്ചിന്‍ സ്വന്തമാക്കിയത്. ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് 20 ശതമാനം ഷെയര്‍ ആണുള്ളത്. ഇതോടെ പിവിപിയുടെ ഷെയര്‍ 20 ശതമാനമായി കുറഞ്ഞു.
ഏകദേശം 80 കോടി രൂപയുടെ ഇടപാടാണ് നടന്നതെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മൂല്യം 200 കോടിയിലെത്തി. ബ്ലാസ്‌റ്റേഴ്‌സിനെ സച്ചിന്‍ സ്വന്തമാക്കിയതോടെ ക്ലബിന്റെ മൂല്യം ഇനിയും വര്‍ദ്ധിക്കുമെന്നാണു കണക്കുകൂട്ടല്‍. ടീമിന്റെ എല്ലാ കളികളിലും സച്ചിന്‍ എത്തുമെന്നും ഇതോടെ ഏകദേശം ഉറപ്പായി.
പ്രഥമ ഐഎസ്എലില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം എഡിഷനിലെ ആദ്യ മത്സരത്തില്‍ ഉജ്വല ജയം നേടിയിരുന്നു. ചൊവ്വാഴ്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 3-1ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha