കോലിയും ബൗളര്‍മാരും മിന്നി; ഇന്ത്യയ്ക്ക് 35 റണ്‍ ജയം
കോലിയുടെ ബാറ്റിങ്ങിന്റെയും ബൗളര്‍മാരുടെും മികവില്‍ ചെന്നൈയില്‍ നടന്ന നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 35 റണ്‍ ജയം. തുടക്കത്തില്‍ പതറിയ ഇന്ത്യ വിരാട് കോലിയുടെ വീരോചിതമായ സെഞ്ച്വറിയുടെ ബലത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സാണ് നേടിയത്. മറുപടിയായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ എ ബി ഡി വില്ല്യേഴ്‌സിന്റെ സെഞ്ച്വറി ഉണ്ടായിട്ടും 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സേ നേടാനായുള്ളൂ.
ഈ ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര 2-2 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമായിരിക്കുകയാണ്. കാണ്‍പുരില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ അഞ്ച് റണ്ണിനും രാജ്‌കോട്ടില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ പതിനെട്ട് റണ്ണിനുമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ മാത്രമായിരുന്നു ഇന്ത്യയുടെ ജയം. മുംബൈയിലാണ് അവസാന ഏകദിനം.
107 പന്തില്‍ നിന്ന് രണ്ട് സിക്‌സും 10 ബൗണ്ടറിയും അടക്കം 112 റണ്‍സ് നേടിയ ഡി വില്ല്യേഴ്‌സ് ദക്ഷിണാഫ്രിക്കയെ വിജയത്തിന്റെ വക്കില്‍വരെ എത്തിച്ചു. എന്നാല്‍, പെട്ടെന്ന് തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. ഓപ്പണര്‍ ഡി കോക്ക് ഒഴികെ മറ്റാരെയും ക്രീസില്‍ നിലയുറപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഭുവനേശ്വര്‍ കുമാര്‍ മൂന്നും ഹര്‍ഭജന്‍ സിങ് രണ്ടും മോഹിത് ശര്‍മ, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ത്യയ്ക്കും പതറിയ തുടക്കമായിരുന്നു. 28 റണ്ണെടുക്കുന്നതിനിടെ ഓപ്പണര്‍മാര്‍ രണ്ടാളെയും നഷ്ടപ്പെട്ടു. രോഹിത് 21 ഉം ധവാന്‍ ഏഴും റണ്ണാണ് സംഭാവന ചെയ്തത്. എന്നാല്‍, പിന്നീടെത്തിയ കോലി ശരിക്കും നങ്കൂരമിട്ടു കളിച്ചു. 202 മിനിറ്റ് ക്രീസില്‍ നിന്ന കോലി 140 പന്തില്‍ നിന്ന് 138 റണ്ണെടുത്താണ് പുറത്തായത്. ഉപനായകന്‍ അജിങ്ക്യ രഹാനെയും (45) സുരേഷ് റെയ്‌നയും (53) മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ സുരക്ഷിതമായ ടോട്ടലിലെത്തി. കോലിയും റെയ്‌നയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 127 ഉം കോലിയും രഹാനെയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 104 ഉം റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ധോനിക്ക് 15 റണ്‍ മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി സ്‌റ്റെയിനും റബാഡയും മൂന്ന് വിക്കറ്റ് വീതവും മോറിസ് ഒരു വിക്കറ്റും വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha