ഗംഭീര്‍-തിവാരി വാക് പോര്, ഗംഭീറിനു വിലക്കു വന്നേക്കും
ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ ഡല്‍ഹി - ബംഗാള്‍ രഞ്ജി മല്‍സരത്തില്‍ നായകന്‍മാരായ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ അസഭ്യവര്‍ഷം. ഡല്‍ഹിയുടെ ഗൗതം ഗംഭീറും ബംഗാളിന്റെ മനോജ് തിവാരിയും തമ്മില്‍ കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോള്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച അംപയര്‍ കെ. ശ്രീനാഥിനെ രോഷം മൂത്ത ഗംഭീര്‍ തള്ളിമാറ്റിയതും നാടകീയ സംഭവങ്ങള്‍ക്കു വഴിവച്ചു.
മല്‍സരശേഷം മാച്ച് റഫറി വാല്‍മീക് ബൂച്ച് ഇരുവരെയും ഹിയറിങ്ങിനു വിളിച്ചു. തീരുമാനം ഇന്നറിയാം. മല്‍സരത്തിനിടെ അംപയറെ സ്പര്‍ശിക്കുന്നതുപോലും ക്രിക്കറ്റില്‍ വിലക്കുവരെ ലഭിക്കാവുന്ന കുറ്റമാണ്. ബംഗാളിനു മേല്‍ക്കൈയ്യുള്ള മല്‍സരത്തില്‍ മനപ്പൂര്‍വം സമയം കളയാന്‍ ബംഗാള്‍ ക്യാപ്റ്റന്‍ മനോജ് തിവാരി ശ്രമിക്കുന്നതായി ധരിച്ച ഡല്‍ഹി കളിക്കാര്‍ പ്രതികരിച്ചതാണു പ്രശ്‌നത്തിനു തുടക്കം. ബംഗാളിന്റെ രണ്ടാം ഇന്നിങ്‌സിലെ എട്ടാം ഓവറില്‍ ഡല്‍ഹി താരം മനന്‍ ശര്‍മയുടെ ബോളിങ്ങില്‍ പാര്‍ഥസാരഥി ഭട്ടാചാര്യ പുറത്തായി. ഇതിനുപിന്നാലെ നാലാമനായി ക്രീസിലെത്തുമ്പോള്‍ തിവാരി തൊപ്പിയാണു ധരിച്ചിരുന്നത്.
സ്‌െ്രെടക്കിനു തയാറെടുത്ത തിവാരിക്കായി പന്തെറിയാന്‍ ഓടിയെത്തിയതു ഡല്‍ഹിയുടെ പേസ് ബോളര്‍. ഇദ്ദേഹത്തെ കൈകാണിച്ചു വിലക്കിയ തിവാരി ഹെല്‍മറ്റ് ആവശ്യപ്പെട്ടു ഡ്രസിങ് റൂമിലേക്ക് ആംഗ്യം കാണിച്ചു. ഇതു ഡല്‍ഹി താരങ്ങളെ ചൊടിപ്പിച്ചു. പേസ് ബോളര്‍ ആണു പന്തെറിയുന്നതെന്നറിഞ്ഞിട്ടും ഹെല്‍മറ്റ് ധരിക്കാതെ എത്തിയ തിവാരി സമയംകളയാന്‍ മനപ്പൂര്‍വം ശ്രമിക്കുയാണെന്നു ഡല്‍ഹി സംഘം കുറ്റപ്പെടുത്തി. മനന്‍ ഇതുസംബന്ധിച്ചു തിവാരിയുമായി തര്‍ക്കിച്ചുകൊണ്ടിരിക്കെ, സ്‌ലിപ്പില്‍ നിന്നിരുന്ന ഗംഭീര്‍ ഇടപെട്ടു.
ഗംഭീറും തിവാരിയും പരസ്പരം ഹിന്ദിയില്‍ അസഭ്യവര്‍ഷം തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. \'വൈകിട്ട് പുറത്തു വാ, നിനക്കു ഞാന്‍ വച്ചിട്ടുണ്ട്\' എന്നു ഗംഭീര്‍ ഭീഷണിമുഴക്കി. \'വൈകുന്നേരമാക്കേണ്ട ഇപ്പോള്‍ത്തന്നെ തീര്‍ത്തുകളയാം\' എന്നു തിവാരി തിരിച്ചടിച്ചു. മുഷ്ടി ചുരുട്ടി മുന്നോട്ടാഞ്ഞ ഗംഭീറിനെ വെല്ലുവിളിച്ചു തിവാരിയും മുന്നോട്ടടുത്തു. അടി വീഴുമെന്ന അവസ്ഥ. ബോളറുടെ എന്‍ഡില്‍ നിന്ന് ഓടിയെത്തിയ അംപയര്‍ ശ്രീനാഥ് ഇരുവരെയും അകറ്റാന്‍ ഇടയില്‍ കയറി. കോപാവേശത്തില്‍ അംപയറെ തള്ളിമാറ്റി ഗംഭീര്‍ പോര്‍വിളി തുടര്‍ന്നതു സ്‌റ്റേഡിയത്തെ ഞെട്ടിച്ചു.
മറ്റുതാരങ്ങള്‍ ഇടപെട്ടാണു സ്ഥിതി ശാന്തമാക്കിയത്. മല്‍സരത്തിന്റെ മൂന്നാംദിവസമായ ഇന്നലെ ബംഗാള്‍ 108 റണ്‍സ് ലീഡ് നേടി. ആദ്യ ഇന്നിങ്‌സില്‍ ബംഗാള്‍ 357 റണ്‍സ് സ്വന്തമാക്കി. ഡല്‍ഹി 249ന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ബംഗാള്‍ 47നു മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗംഭീര്‍ 56 ടെസ്റ്റിലും 147 ഏകദിന മല്‍സരങ്ങളിലും ഇന്ത്യയ്ക്കു കളിച്ചിട്ടുണ്ട്. ഏതാനും മല്‍സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുമുണ്ട്. മുന്‍പും പലതവണ കളിക്കളത്തില്‍ ഇത്തരം ഏറ്റുമുട്ടല്‍ നടത്തിയിട്ടുമുണ്ട്. തിവാരി 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. ഐപിഎല്ലില്‍ ഇരുവരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ഒന്നിച്ചു കളിച്ചിട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha